വിദ്വേഷ പ്രസംഗം: മോദിക്കെതിരായ പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Hate Speech

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Hate Speech

അതേസമയം, മുസ്‍ലിം വിദ്വേഷ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അവ ആവർത്തിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി വിദ്വേഷ പരാമർശം ആവർത്തിച്ചത്.

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്. വോട്ടിന് വേണ്ടി ഒരു വിഭാഗത്തെ മാത്രം മുന്നിൽ കാണുകയാണെന്നും മറ്റുള്ളവരെ അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രീണനരാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‌ലിംകളാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്നായിരുന്നു രാജസ്ഥാനിൽ മോദി പറഞ്ഞത്. നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി ചോദിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *