‘ഞാൻ ഏത് വാപ്പാന്റെ മോനാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല’: മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ

'He hasn't realized which Wapante Mon I am': PV Anwar mocks the Chief Minister

 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പി.വി അൻവർ എംഎൽഎ. ‘എനിക്കെതിരെയുള്ള പരാതി കണ്ട് മുട്ടുകാൽ വിറച്ച് ഞാൻ തടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വിചാരിച്ചത്, എന്നാൽ ഞാൻ ഏത് വാപ്പാന്റെ മോനാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെ’ന്ന് അൻവർ പറഞ്ഞു. മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. ഫോൺ ചോർത്തിയ സംഭവത്തിൽ അൻവറിനെതിരെ കേസെടുത്തിരുന്നു.

മുഖ്യമന്ത്രി ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തോടും അൻവർ പ്രതികരിച്ചു. ‘മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നു’വെന്ന് അൻവർ പറഞ്ഞു. ‘ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നു’വെന്നും അൻവർ കൂട്ടിച്ചേർത്തു.

പൊതുയോ​ഗത്തിൽ പൊലീസിനെതിരെയും അൻവർ വിമർശനങ്ങൾ തുടർന്നു. ‘നിരവധി പൊലീസുകാർക്ക് എംഡിഎംഎ കേസുകളുമായി ബന്ധമുണ്ട്. ഇല്ലാത്ത ലഹരി മരുന്ന് കേസുകളിൽ പൊലീസ് നൂറിലേറെ പേരെയാണ് കുടുക്കിയത്. മാമി കേസന്വേഷണം രണ്ടര ദിവസം കൊണ്ടുനിർത്തിച്ചു. നിലവിലെ അന്വേഷണ സംഘം ഒരു ചുക്കും ചെയ്യില്ല. മികച്ച ഉ​ദ്യോ​ഗസ്ഥനെ അന്വേഷണത്തിൽ നിന്ന് മാറ്റി. ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥൻ വിക്രമിന് അന്വേഷണ ചുമതല നൽകണം. എഡിജിപി എം.ആർ അജിത് കുമാറിനുമുകളിൽ ഒരു പരുന്തും പറക്കില്ല.’- അൻവർ പറഞ്ഞു.

പൊതുയോ​ഗത്തിൽ നിരവധി പേരാണ് അൻവറിനെ കേൾക്കാൻ മുതലക്കുളം മൈതാനത്തെത്തിയത്. അൻവറിൻ്റെ പ്രസം​ഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു. പുതിയ വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും മാമി കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണ് അൻവർ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *