ക​ന​ത്ത മ​ഴ: ച​ങ്ങ​രം​കു​ള​ത്ത് മ​രം ക​ട​പു​ഴ​കി വീ​ണു

ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ള​ത്ത് ക​ടപു​ഴ​കി വീ​ണ​മ​രം 

ചങ്ങരംകുളം: കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണു. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് കൂറ്റൻ മരം കടപുഴകി റോഡിൽ വീണത്. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം.

തിരക്കേറിയ പാതയിൽ നിരവധി വാഹനങ്ങൾ പോയിക്കൊണ്ടിരിക്കെയാണ് അപകടം. മരച്ചില്ലകൾ തട്ടി ഒരു കാറിന് ചെറിയ തകരാറുകൾ പറ്റിയെങ്കിലും മറ്റു വാഹന യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.

സമീപത്ത് റസ്റ്റാറന്റിൽ ഉണ്ടായിരുന്ന യുവാക്കൾ ഓടിയെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം മുടങ്ങി. സ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസും യുവാക്കളും ചേർന്ന് ഒരു വശത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗത തടസ്സം ഒഴിവാക്കി. ആലങ്കോട് സ്വദേശികളായ തൻവീർ, സുൽത്താൻ, സിയാദ്, റാഷി, സിനാൻ, പി.ടി. അസ്‍ലം, എം.വി. അസ്‍ലം, ജിലു തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലാണ് കനത്ത മഴയെ അവഗണിച്ച് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്.