മഴ കനക്കുന്നു: കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; ജില്ല കലക്ടറും സംഘവും മലവെള്ളപ്പാച്ചിലിൽ കുടുങ്ങി
കോഴിക്കോട്: ശക്തമായി പെയ്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യപക നാശനഷ്ടം. കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അടിച്ചി പാറയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. ഇന്ന് വിലങ്ങാടെത്തിയ ജില്ല കലക്ടർ ഉൾപ്പെടെ മലവെള്ള പാച്ചിലിൽ കുടുങ്ങി.
കഴിഞ്ഞ ദിവസം ഉരുൾ നാശംവിതച്ച ചാലിലൂടെ മഴവെള്ളം കുത്തി ഒലിക്കുകയായിരുന്നു. കല്ലും മണ്ണും ഉൾപ്പെടെ ഒലിച്ചിറങ്ങി. വൈകുന്നേരം 5.45 ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മാത്യു മലവെള്ള പാച്ചിലിൽ പെടുകയായിരുന്നു.
താമരശ്ശേരി ചുരത്തിൽ വിള്ളൽ രൂപപ്പെട്ടു. ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് വിള്ളൽ രൂപപ്പെട്ടത്. കാരശ്ശേരി പാറത്തോട് കുരിശുപള്ളിക്ക് സമീപം പുത്തരിപൊയിൽ പന്നിമുക്ക് തോട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വൃഷ്ടിപ്രദശേത്ത് മഴ ശക്തമായ സാഹചര്യത്തിൽ കക്കയം ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എടച്ചേരി തുരുത്തി പുഴയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. തുരുത്തി കിഴക്കയിൽ അനീഷ് ( 37 ) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.