‘ഹിസ്ബുല്ലയുടെ തിരിച്ചടി അനിവാര്യം, ഇസ്രായേൽ യുദ്ധം ആഗ്രഹിക്കുന്നു’; ലബനൻ വിദേശകാര്യമന്ത്രി

ലബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ്- പൊട്ടിത്തെറിച്ച വാക്കിടോക്കിയുടെ ഭാഗം

 

Hezbollah

ബെയ്റൂത്ത്: തുടർച്ചയായുള്ള ഇസ്രായേൽ ആക്രമണങ്ങളില്‍, ഹിസ്ബുല്ലയുടെ തിരിച്ചടി അനിവാര്യമാണെന്ന് ലബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ്. പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. വാക്കിടോക്കി പൊട്ടിത്തെറിയില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 450 പേര്‍ക്ക് പരിക്കേറ്റതായും ലബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.Hezbollah

ഹിസ്ബുല്ല പോരാളികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെയായിരുന്നു വാക്കി ടോക്കി സ്ഫോടനവും നടന്നത്. രണ്ടും ഹിസ്ബുല്ലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ തിരിച്ചടി പ്രതീക്ഷിക്കാം എന്ന് തന്നെയാണ് നയതന്ത്രജ്ഞരൊക്കെയും വ്യക്തമാക്കുന്നത്.

അതേസമയം വലിയൊരു യുദ്ധത്തിലേക്ക് തന്നെ സ്ഫോടനങ്ങള്‍ നയിച്ചേക്കുമെന്നും അബ്ദുല്ല ബൗ ഹബീബ് വിലയിരുത്തുന്നു. ലബനനുമായുള്ള യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഇസ്രായേൽ ഭീഷണികൾക്ക് ശേഷമാണ് സ്ഫോടനം സംഭവിച്ചത് എന്നതിനാല്‍ വലിയൊരു യുദ്ധത്തിനാണ് അവര്‍ കോപ്പുകൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പേജർ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം മൂവായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ തന്നെ, ഹിസ്ബുല്ല തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രായേലിനേയും അവരുടെ ചാര സംഘടനയായ മൊസാദിനേയുമാണ് ഹിസ്ബുല്ല സംശയിക്കുന്നത്. അവര്‍ എങ്ങനെ സ്ഫോടനം നടത്തി എന്നത് സംബന്ധിച്ച് പല തിയറികളും പ്രചരിക്കുന്നുണ്ട്. അതേസമയം ലബനനിലെ രണ്ട് സ്ഫോടനങ്ങളിലും അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി പറഞ്ഞു.

എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. യുദ്ധം അവസാനിച്ചുകാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ള ചര്‍ച്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നുമായിരുന്നു ജോണ്‍ കിര്‍ബിയുടെ മറുപടി. ഒരു നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ, പുതിയ ഘട്ടം തുടങ്ങുകയാണെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയിരുന്നത്. പിന്നാലെ ഇസ്രായേൽ പ്രതിരോധ സേനയുടെ 98-ാം ഡിവിഷന്‍, ലെബനാന്‍ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഭാഗത്തേക്ക് നീങ്ങി. നേരത്തെ ഗസ്സ മുനമ്പില്‍ നിലയുറപ്പിച്ച ഡിവിഷനായിരുന്നു ഇവര്‍. ഗസ്സയ്ക്കു സമാനമായ ഓപറേഷൻ, ലബനാനിലേക്കു കൂടി വ്യാപിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായാണ് സൂചന.

അതേസമയം ലബനനിലെ സ്‌ഫോടനങ്ങൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച അടിയന്തര യോഗം ചേരും. അൾജീരിയയുടെ അഭ്യർത്ഥന അംഗീകരിച്ചാണ് യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *