‘തീരുവ കുറച്ചിരുന്നുവെങ്കിൽ ടിക്‌ടോക്ക് അമേരിക്കയുടെ കൈകളിലെത്തിയേനെ, ഒടുവിൽ ചൈന പിന്മാറി’: ഡോണൾഡ് ട്രംപ്
ന്യൂയോര്‍ക്ക്: തീരുവ കുറച്ചിരുന്നുവെങ്കില്‍, വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ വിൽപ്പനക്ക് ചൈന തയ്യാറാകുമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 15 മിനിറ്റിനുള്ളിൽ ചൈന അംഗീകാരം നൽകുമായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ എല്ലാ ചൈനീസ് ഇറക്കുമതികൾക്കും അമേരിക്ക 34% ഉയർന്ന തീരുവ ഏർപ്പെടുത്തിയതതോടെ ചൈന നിലപാട് മാറ്റിയെന്നും ട്രംപ് വ്യക്തമാക്കി.Trump
“ടിക് ടോക്ക് സ്വന്തമാക്കാനായി ഞങ്ങൾക്ക് വലിയൊരു കരാർ ഉണ്ടായിരുന്നു. അതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തീരുവ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ചൈന കരാറില്‍ നിന്നും പിന്തിരിഞ്ഞു”- എയർഫോഴ്‌സ് വണ്ണിൽ(അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള വിമാനം)നിന്ന് സംസാരിക്കവെ ട്രംപ് പറഞ്ഞു.
” തീരുവയില്‍ അല്പം കുറവ് നൽകിയിരുന്നെങ്കിൽ അവർ 15 മിനിറ്റിനുള്ളിൽ തന്നെ ആ കരാറിന് അംഗീകാരം നൽകുമായിരുന്നു. തീരുവയുടെ ‘ശക്തി’ എന്താണെന്ന് കാണിക്കുന്നതാണ് ചൈനയുടെ നടപടി”- ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്ക് നിലവില്‍ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ വർഷം യുഎസ് പാസാക്കിയ നിയമമാണ് ആപ്പിന് പാരയായി മാറിയത്. ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയോ, രാജ്യത്തെ ഏതെങ്കിലും കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുയോ ചെയ്യുന്നില്ലെങ്കില്‍ പൂട്ടണമെന്ന തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസാണ് അമേരിക്കയിലെ ടിക്ടോക്കിനെ നിയന്ത്രിക്കുന്നത്.
എന്നാല്‍ വ്യാപാര, താരിഫ് ചർച്ചകൾ പരിഹരിക്കപ്പെടുന്നതുവരെ ചൈന കരാറിന് അംഗീകാരം നൽകില്ലെന്ന് ബൈറ്റ്ഡാൻസ് വൈറ്റ് ഹൗസിനെ അറിയിച്ചതായാണ് വിവരം.