ദുബൈയിൽ ഡെലിവറി രംഗത്ത് പരിശോധന ശക്തം; 77 ബൈക്കുകൾ പിടിച്ചെടുത്തു, 1200 റൈഡർമാർക്ക് പിഴ
ദുബൈ: ദുബൈയിൽ ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നിയമം ലംഘിച്ച 77 ബൈക്കുകൾ അധികൃതർ പിടിച്ചെടുത്തു. 1200 പേർക്ക് പിഴ ചുമത്തി. ദുബൈ നഗരത്തിൽ ഡെലിവറി ബൈക്കുകൾ കൂടുതൽ സജീവമായ ഹെസ്സ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ്, ജുമൈറ, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലാണ് ആർ.ടി.എ പരിശോധന ഊർജിതമാക്കിയത്. പരിശോധനയിൽ രജിസ്‌ട്രേഷനില്ലാത്തതും, ഇൻഷൂറൻസില്ലാത്തതും, റോഡിലിറക്കാൻ യോഗ്യതയില്ലാത്തതുമായ 44 ബൈക്കുകൾ ആർ.ടി.എ പിടിച്ചെടുത്തു. പെർമിറ്റില്ലാത്തതും, റോഡിലിറക്കാൻ പാടില്ലാത്തതുമായി 33 ഇലക്ട്രിക്ക് ബൈക്കുകളും ഡൈലിവറി ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.Dubai
ഡെലിവറിമേഖലയിൽ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളിൽ വീഴ്ചവരുത്തിയതിനാണ് 1200 പേർക്ക് ആർ.ടി.എ പിഴയിട്ടത്. ഹെൽമെറ്റ്, കൈയുറ, നീഗാർഡ്, എൽബോ ഗാർഡ് എന്നിവ ധരിക്കാത്തവർക്കെല്ലാം പിഴ ലഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റില്ലാതെ ഡെലവറി നടത്തിയവരും, അപകടകരമായി ബൈക്കോടിച്ചവരും പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. 11,000 ലേറെ പരിശോധനകളാണ് ആർ.ടി.എ നടത്തിയത്. 3,600 ലേറെ ഡെലിവറി ഡ്രൈവർമാരെ ലക്ഷ്യമിട്ട് സുരക്ഷാ ബോധവൽകരണ കാമ്പയിനും ആർ.ടിഎ. ആരംഭിക്കും. അധികൃതർ നടത്തുന്ന പരിശോധനയുമായി ഡെലിവറി ഡ്രൈവർമാർ സഹകരിക്കണമെന്ന് ആർ.ടി.എ അറിയിച്ചു.