ലങ്കയെ ദഹിപ്പിച്ച് ഇന്ത്യ സെമിയില്‍

മുംബൈ: മുഹമ്മദ് സിറാജിനെ കണ്ടാൽ ലങ്കക്കാർക്കു മുട്ടിടിക്കുമോ? കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈലനിന്റെ പ്രേതബാധ ഇന്നും ലങ്കയെ പിന്തുടരുകയായിരുന്നു, വാങ്കഡെയിൽ. സിറാജും ജസ്പ്രീത് ബുംറയും തുടങ്ങിവിട്ട പേസ് ആക്രമണം മുഹമ്മദ് ഷമി കൊടുങ്കാറ്റായി പൂർത്തിയാക്കി. അപരാജിതവാഴ്ചയിൽ 302 റണ്‍സിന്‍റെ കൂറ്റൻ ജയത്തോടെ ലോകകപ്പ് സെമിയിലേക്ക് ആദ്യം മാർച്ച് ചെയ്യുന്ന ടീമായി ഇന്ത്യ. നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ലങ്കയ്ക്കുമുന്നിൽ ലോകകപ്പ് സെമി സാധ്യതകളും അസ്തമിച്ചിരിക്കുകയാണ്.

ഒന്നിനു പിറകെ ഒന്നൊന്നായി ലങ്കൻ ബാറ്റർമാർ പവലിയനിലേക്കു ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു വാങ്കെഡെയിൽ. ജസ്പ്രീത് ബുംറ തുടങ്ങിവച്ച ആക്രമണത്തിൽ സംപൂജ്യരായി കൂടാരം കയറിയത് അഞ്ചുപേർ മൂന്നക്കം കടന്നത് മൂന്നുപേര്‍. തലനാരിയയ്ക്കാണ് ഏറ്റവും ചെറിയ ഏകദിന സ്‌കോറെന്ന സിംബാബ്‌വേയുടെ പേരിലുള്ള നാണക്കേടിന്റെ റെക്കോർഡിൽനിന്ന് ലങ്ക രക്ഷപ്പെട്ടത്. 2023 ലോകകപ്പിലെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഷമി സ്വന്തമാക്കിയത്.

ശുഭ്മൻ ഗിൽ(92), വിരാട് കോഹ്ലി(88), ശ്രേയസ് അയ്യർ(82) എന്നിവരുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിൽ ഇന്ത്യ ഉയർത്തിയ358 എന്ന കൂറ്റൻ വിജയലക്ഷ്യം കണ്ടു തന്നെ പകച്ചിരുന്നു ലങ്ക. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബുംറയുടെ ആദ്യ പ്രഹരം. വിക്കറ്റിനു മുന്നിൽകുരുങ്ങി പത്തും നിസങ്ക പുറത്ത്. രണ്ടാമത്തെ ഓവറിൽ ആദ്യ പന്തിൽ സിറാജിന്റെ സ്‌ട്രൈക്ക്. ഇത്തവണ വിക്കറ്റിനു മുന്നിൽ കുരുങ്ങി ദിമുത്ത് കരുണരത്‌നെ ഗോൾഡൻ ഡക്ക്. ഇതേ ഓവറിൽ തന്നെ സദീര സമരവിക്രമയെയും ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ദുസ്സൂചന നൽകി സിറാജ് ലങ്കൻ ആരാധകർക്ക്.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വീണ്ടും സിറാജ് തീതുപ്പി. ഇത്തവണ ഗുഡ്‌ലെങ്ത്ത് പന്തിൽ ക്യാപ്റ്റൻ കുശാൽ മെൻഡിസിന്റെ(ഒന്ന്) പ്രതിരോധം തകർന്നു. ക്ലീൻബൗൾഡായായിരുന്നു മെൻഡിസിന്റെ മടക്കം.

പവർപ്ലേയുടെ അവസാന ഓവർ നായകൻ രോഹിത് ശർമ മുഹമ്മദ് ഷമിയെ ഏൽപിച്ചു. ക്യാപ്റ്റന്റെ വിശ്വാസം ഷമി തെറ്റിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട അതേ പോർവീര്യം ഷമി ആവർത്തിച്ചു. 24 പന്ത് നേരിട്ട ഒരു റൺസ് മാത്രം നേടി നിലയുറപ്പിക്കാൻ നോക്കിയ ചരിത് അസലങ്കയുടെ കോട്ട തകർത്തു ആദ്യം ഷമി. ബാക്ക്‌വാർഡ് പോയിന്റിൽ ജഡേജയ്ക്ക് അനായാസ ക്യാച്ച്. അടുത്ത ഗോൾഡൻ ഡക്ക് ദുഷൻ ഹേമന്ത. ഗൂഡ്‌ലെങ്ത് പന്തിൽ ഹേമന്തയുടെ ബാറ്റിൽ എഡ്ജായി പോയ പന്ത് വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുൽ കൃത്യമായി കൈയിലാക്കി.

അടുത്ത വിധിക്കായി കാത്തിരുന്നത് ദുഷ്മന്ത ചമീര. ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ വീണ്ടും കൈയിലാക്കിയെങ്കിലും ഇത്തവണ അംപയർ വൈഡ് വിളിച്ചു. എന്നാൽ, രോഹിത് ഡി.ആർ.എസ് വിളിച്ചു. പരിശോധനയിൽ ഗ്ലൗസിൽ തട്ടിയെന്നു വ്യക്തമായി. ഡക്കായി ചമീരയും കൂടാരം കയറി.

മറുവശത്ത് വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നപ്പോൾ കാഴ്ചക്കാരനായി നിന്ന വെറ്ററൻ താരം ആഞ്ചെലോ മാത്യൂസിനും അധികം ആയുസുണ്ടായിരുന്നില്ല. ലങ്കൻ സ്‌കോർബോർഡിൽ ആദ്യമായി രണ്ടക്കം കടന്ന മാത്യൂസിനെ കിടിലന്‍ ഇൻസ്വിങ്ങറിൽ ക്ലീൻബൗൾഡാക്കി. 12 റൺസെടുത്താണ് താരം മടങ്ങിയത്. കസുന്‍ രജിത(14)യെ കൂടി വീഴ്ത്തി ഷമി അഞ്ചു വിക്കറ്റ് തികച്ചു. ദില്‍ഷന്‍ മധുഷങ്കയെ(അഞ്ച്) അയ്യരുടെ കൈയിലെത്തിച്ച് രവീന്ദ്ര ജഡേജ ലങ്കയുടെ പതനം പൂര്‍ത്തിയാക്കി.

റേക്കോർഡിനരികെ വീണ് കോഹ്ലി; ഗിൽ, അയ്യർ ഷോ

നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിനിർത്തി വിരാട് കോഹ്ലി ആ റെക്കോർഡ് സംഖ്യയിൽ തൊടുമെന്നുറപ്പിച്ച ഇന്ത്യൻ ആരാധകർക്കെല്ലാം നിരാശയായിരുന്നു ഇന്ന്. 49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ കോഹ്ലി(88) ഒരിക്കൽകൂടി വീണു. ആക്രമിച്ചുകളിച്ചിരുന്ന ഓപണർ ശുഭ്മൻ ഗില്ലും(92) അർഹിച്ച സെഞ്ച്വറി നേടാനാകാതെ മടങ്ങി. ഇവർക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞാടിയ ശ്രേയസ് അയ്യരും(82) ചേർന്ന് ശ്രീലങ്കയ്ക്കു മുന്നിൽ ഉയർത്തിയത് … എന്ന കൂറ്റൻ വിജയലക്ഷ്യം. ഇന്ത്യൻ ബാറ്റർമാർ തകർത്തുകളിച്ച ദിവസത്തിലും അഞ്ച് വിക്കറ്റുമായി ലങ്കൻ പേസർ ദിൽഷൻ മധുഷങ്ക വേറിട്ടുനിന്നു.

മത്സരത്തിൽ ടോസ് ലഭിച്ച ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ലങ്കൻ പേസർമാരുടെ തുടക്കം. മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫോമിലുള്ള നായകൻ രോഹിത് ശർമയെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മധുഷങ്കയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തി ഉജ്ജ്വലമായി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ ക്ലീൻബൗൾഡായി മടങ്ങി.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗില്ലും കോഹ്ലിലും പതുക്കെ തുടങ്ങി ഇന്നിങ്സിന്റെ ഗതിവേഗം കൂട്ടി. ഒരു ഘട്ടത്തിൽ 400 റൺസ് വരെ പ്രവചിക്കപ്പെട്ട തരത്തിൽ കൂറ്റൻ ടോട്ടലിലേക്കാണ് ഇരുവരും ചേർന്ന് ടീമിനെ നയിച്ചത്. ആദ്യ ഓവറിൽ വീണ വിക്കറ്റിന്റെയും പവർപ്ലേയിൽ ദുഷ്മന്ത ചമീറയുടെ പേസ് ആക്രമണത്തിലും ആദ്യമൊന്നു പതറിയെങ്കിലും താളം കണ്ടെത്തിയതോടെ പിടിച്ചുകെട്ടാൻ കഴിയാത്ത തരത്തിൽ അടിച്ചുകസറുകയായിരുന്നു ഗില്ലും കോഹ്ലിയും.

ഒടുവിൽ ടീം സ്‌കോർ 193ൽ നിൽക്കെ വീണ്ടും മധുഷങ്ക വില്ലനായി. സെഞ്ച്വറിയിലേക്കു കുതിച്ച ഗില്ലിനെ സ്ലോ ഓഫ്കട്ടറിലാണ് മധുഷങ്ക വീഴ്ത്തിയത്. വിക്കറ്റിനു പിന്നിൽ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ എട്ടു റൺസായിരുന്നു ഗില്ലിനു സെഞ്ച്വറിക്കു വേണ്ടിയിരുന്നത്. 92 പന്ത് നേരിട്ട് രണ്ട് സിക്സറും 11 ബൗണ്ടറിയും പറത്തിയായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

റെക്കോർഡ് നമ്പറിന് അരികയെത്തിയതിന്റെ പരിഭ്രമം കാണിക്കുന്ന പോലെയായി പിന്നീട് കോഹ്ലി. അതുവരെയും ഒഴുക്കോടെ കളിച്ച സൂപ്പർ താരം പിന്നീടങ്ങോട്ട് തപ്പിത്തടയുകയും സൂക്ഷിച്ചുകളിക്കുന്നതുമാണു കണ്ടത്. ഒട്ടും വൈകാതെ ആ ട്രാപ്പിൽ കോഹ്ലി വീഴുകയും ചെയ്തു. വീണ്ടും മധുഷങ്കയുടെ ബ്രേക്ത്രൂ. മറ്റൊരു ഓഫ് കട്ടറിൽ കോഹ്ലി മോശം ഷോട്ടിനു ശ്രമിച്ച കോഹ്ലിക്കു പാളി. ഇത്തവണ പാത്തും നിസങ്കയ്ക്ക് അനായാസ ക്യാച്ച് നൽകി മടങ്ങുമ്പോൾ 88 പന്തിൽ 88 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 11 ഫോർ ഇന്നിങ്സിനു മിഴിവേകി.

തുടർന്ന് ദൗത്യം ശ്രേയസ് അയ്യർ ഏറ്റെടുത്തു. കെ.എൽ രാഹുലിനെയും(21) സൂര്യകുമാർ യാദവിനെയും(12) രവീന്ദ്ര ജഡേജ(35യെയും കൂട്ടുപിടിച്ചായിരുന്നു അയ്യർ സംഹാരരൂപം അഴിച്ചുവിട്ടത്. ലങ്കൻ ബൗളർമാരെ ഗാലറിയിലേക്കും ബൗണ്ടറിയിലേക്കും പറത്തി ഇന്ത്യയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചു അയ്യർ. ഒടുവിൽ ഒരിക്കൽകൂടി മധുഷങ്കയുടെ വക ബ്രേക്ത്രൂ. അവസാന ഓവറുകളിലെ കണ്ണുംപൂട്ടിയുള്ള അടിക്കിടെ ലക്ഷ്യം പിഴച്ച് മഹീഷ് തീക്ഷണയുടെ കൈയിലൊതുങ്ങി അയ്യർ. 56 പന്ത് നേരിട്ട് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 82 റൺസെടുത്താണു താരം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *