പൊരുതാനുറച്ച് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിൽ മൂന്ന് അർധ സെഞ്ച്വറികൾ

India

ബാംഗ്ലൂർ: ചിന്നസ്വാമി ടെസ്റ്റിൽ പൊരുതാനുറച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്‌സിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര ഫോം വീണ്ടെടുത്തപ്പോൾ രണ്ടാം ഇന്നിങ്‌സിൽ പിറന്നത് മൂന്ന് അർധ സെഞ്ച്വറികൾ. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും സർഫറാസ് ഖാനും അർധ സെഞ്ച്വറി കുറിച്ചു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 231 റൺസെടുത്തിട്ടുണ്ട്. സന്ദർശകരുടെ ലീഡ് മറികടക്കാൻ ഇനിയും 125 റൺസ് കൂടി വേണം.India

കിവീസ് ഉയർത്തിയ കൂറ്റൻ ലീഡ് മറികടക്കാൻ വേഗത്തിൽ സ്‌കോറുയർത്തണം എന്നിരിക്കേ ചിലത് കരുതിയുറപ്പിച്ചാണ് ഇക്കുറി രോഹിതും സംഘവും കളത്തിലിറങ്ങിയത്. സ്‌കോർബോർഡിൽ 72 റൺസ് ചേർത്ത ശേഷം രോഹിത്- ജയ്‌സ്വാൾ ജോഡി വേർപിരിഞ്ഞു. പിന്നീട് ഇന്ത്യൻ നായകന്റെ ഫിഫ്റ്റി. 63 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 52 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഒടുവിൽ രോഹിതും കൂടാരം കയറി. ഇന്ത്യൻ ഓപ്പണർമാർ രണ്ട് പേരെയും വീഴ്ത്തിയത് അജാസ് പട്ടേലാണ്.

പിന്നീടാണ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായക കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സർഫറാസ്- വിരാട് ജോഡി ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് 136 റൺസാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. സർഫറാസ് വെറും 42 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി കുറിച്ചത്. ഒടുവിൽ 70 റൺസില്‍ നില്‍ക്കേ കോഹ്ലിയുടെ പോരാട്ടം അവസാനിച്ചു. 102 പന്തിൽ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്‍റെ ഇന്നിങ്‌സ്. 78 പന്തിൽ 70 റൺസുമായി പുറത്താവാതെ സർഫറാസ് ക്രീസിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *