നിക്കോൾസിനു പിന്നാലെ ഫിലിപ്സിനും സെഞ്ച്വറി; ന്യൂസിലൻഡ് 368 റൺസിന് പുറത്ത്; ബുംറക്ക് നാലു വിക്കറ്റ്

വെല്ലിങ്ടൺ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ഒന്നാം ഇന്നിങ്സിൽ ആതിഥേയർ 368 റൺസെടുത്തു. ഹെൻറി നിക്കോൾസിനു പിന്നാലെ ഗ്ലെൻ ഫിലിപ്സും സെഞ്ച്വറി നേടിയതാണ് കീവീസിന് കരുത്തായത്. നിക്കോളാസ് 175 റൺസിൽ പുറത്താകാതെ നിന്നപ്പോൾ, ഫിലിപ്സ് 118 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തു.
ആറാം വിക്കറ്റിൽ നിക്കോൾസും ഫിലിപ്സും ചേർന്ന് നേടിയ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് കീവീസ് ഇന്നിങ്സിന്റെ നട്ടെല്ല്. 216 റൺസാണ് ഇരുവരും സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ലെങ്കിലും ഇരുവരുടെയും ബാറ്റിങ് മികവിലാണ് ടീം ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യദിനം അഞ്ചിന് 70ലേക്ക് ടീം പതറിയപ്പോഴാണ് ഇരുവരും ക്രീസിൽ സംഗമിച്ചത്. അഞ്ചിന് 243 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്ക്, 43 റൺസ് കൂടി കൂട്ടിചേർത്തതിനു പിന്നാലെ ഫിലിപ്സിനെ നഷ്ടമായി. ആകാശ് ദീപാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 216 പന്തിൽ 14 ഫോറടക്കമാണ് ഫിലിപ്സ് 118 റൺസെടുത്തത്. ഒരുഭാഗത്ത് നിക്കോളാസ് പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. നഥാൻ സ്മിത്ത് (44 പന്തിൽ 14), കെയിൽ ജമീസൺ (21 പന്തിൽ 11), മാറ്റ് ഹെൻറി (ഒമ്പത് പന്തിൽ ഒന്ന്), ജേക്കബ് ഡഫി (12 പന്തിൽ നാല്) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റു താരങ്ങൾ. 335 പന്തിൽ 21 ഫോറടക്കം 175 റൺസുമായി നിക്കോളാസ് പുറത്താകാതെ നിന്നു.
ബുംറ 29 ഓവറിൽ 92 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ആകാശ് ദീപ് മൂന്നും അൻഷുൽ കംബോജ് രണ്ടും വിക്കറ്റുകൾ നേടി. ആദ്യദിനം ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസ് നിര നേടിയെടുത്ത മുൻതൂക്കമാണ് നിക്കോൾസിന്റെയും ഫിലിപ്സിന്റെയും ചെറുത്തുനിൽപിൽ നഷ്ടമായത്. ഒന്നാം ഓവറിൽത്തന്നെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട സ്റ്റാർ പേസർ ബുംറ മൂന്നുപേരെ മടക്കിയിരുന്നു. വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നു ബുംറയുടേത്. മത്സരത്തിന്റെ മൂന്നാം പന്തിൽതന്നെ ന്യൂസിലൻഡ് നായകനും ഓപണറുമായ ടോം ലാഥത്തിന്റെ (0) കുറ്റി തെറിപ്പിച്ച് ബുംറ ആദ്യ പ്രഹരമേൽപിച്ചു. നാലാം ഓവറിൽ ഡെവൺ കോൺവേയെ (4) അൻഷുൽ കാംബോജ് മടക്കിയതോടെ ന്യൂസിലൻഡ് രണ്ടിന് 12 എന്ന സ്ഥിതിയിലായി. മൂന്നാം വിക്കറ്റിൽ നിക്കോൾസിനൊപ്പം 39 റൺസ് കൂട്ടിച്ചേർത്ത് രചിൻ രവീന്ദ്ര (15) തുടർ തകർച്ച തടയാൻ ശ്രമിച്ചെങ്കിലും ആകാശ് ദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ഡാരിൽ മിച്ചലിനെ (1) യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു ബുംറ. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ന്യൂസിലൻഡ് നാലിന് 60 എന്ന നിലയിലായിരുന്നു.
ഉച്ചഭക്ഷണത്തിന് പിന്നാലെ ടോം ബ്ലണ്ടലിനെയും (5) ബുംറ മടക്കി. സ്ലിപ്പിൽ ഗില്ലിന് ക്യാച്ച് നൽകിയാണ് ബ്ലണ്ടൽ പുറത്തായത്. ഇതോടെ 70 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസ് വൻ തകർച്ച മുന്നിൽക്കണ്ടു. എന്നാൽ, പിന്നീട് ഇന്ത്യൻ ബോളർമാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന പ്രകടനമാണ് നിക്കോൾസും ഫിലിപ്സും പുറത്തെടുത്തത്. സെഞ്ച്വറി പൂർത്തിയാക്കിയശേഷം നിക്കോൾസിനെ പുറത്താക്കാനുള്ള മികച്ച അവസരം ദേവ്ദത്ത് പടിക്കൽ പാഴാക്കി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോൾ ഉയർന്നുവന്ന ക്യാച്ചാണ് പടിക്കൽ കൈവിട്ടത്. വിക്കറ്റ് കീപ്പർ ഋഷഭും പന്തിനായി ഓടിയെത്തിയിരുന്നു. ബുംറയുടെ ആക്രമണത്തിന് മറ്റ് ബൗളർമാരിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
