ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, പാകിസ്താൻ ഇന്ത്യയിലും കളിക്കില്ല; പുതിയ ഫോർമുലയുമായി ഐസിസി
ന്യൂഡൽഹി: പാകിസ്താൻ ആതിഥ്യമരുളുന്ന ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിട്ട് ഐസിസി. സുരക്ഷ കാരണങ്ങളുയർത്തി ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ മറ്റൊരു രാജ്യത്ത് നടത്തും.India
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ വരുന്നില്ലെങ്കിൽ തിരിച്ചും വരില്ലെന്ന പാക് നിലപാടും ഐസിസി അംഗീകരിച്ചു. 2027 വരെയുള്ള ഒരു ടൂർണമെന്റിനായും പാകിസ്താൻ ഇന്ത്യൻ മണ്ണിലുമെത്തില്ല. പോയ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താൻ പങ്കെടുത്തിരുന്നു. 2025ൽ ഇന്ത്യയിൽ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും.
2025 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഐസിസി വൈകാതെ പുറത്തുവിടും. 2017ലാണ് ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് പാകിസ്താൻ ജേതാക്കളായിരുന്നു. അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത്.