അടിക്ക് തിരിച്ചടി, ക്യാപ്റ്റൻ സൂര്യക്കും ഇഷാനും അർധ സെഞ്ച്വറി; റായ്പുരിൽ ഇന്ത്യക്ക് റെക്കോഡ് വിജയം

റായ്പുർ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. അർധ സെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷനും (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (82*) ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യക്കായി നിർണായക സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ട്വന്റി20യിൽ ഇന്ത്യ പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ ആറിന് 208, ഇന്ത്യ – 15.2 ഓവറിൽ മൂന്നിന് 209.
മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. സിക്സറടിച്ച് ഇന്ത്യൻ സ്കോർ ബോർഡ് തുറന്ന ഓപണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ആദ്യ ഓവറിൽതന്നെ കിവീസ് ഫീൽഡർക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു കൂടാരം കയറിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ പുറത്തായി. ജേക്കബ് ഡഫിയാണ് ഗോൾഡൻ ഡക്കാക്കി താരത്തെ മടക്കിയത്. ഇതോടെ സ്കോർ രണ്ടിന് ആറ് എന്ന നിലയിലാണ്. പിന്നീടൊന്നിച്ച ഇഷാൻ കിഷനും സൂര്യകുമാറും ഇന്ത്യയുടെ ചേസിങ് അനായാസമാക്കി.
കിവീസ് ബൗളർമാരെ ഇഷാൻ നിർദയം ശിക്ഷിച്ചതോടെ ഇന്ത്യയുടെ സ്കോർ 4.5 ഓവറിൽ 50ഉം 7.5 ഓവറിൽ 100ഉം കടന്നു. ക്യാപ്റ്റനൊപ്പം മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ പാർട്നർഷിപ്പ് ഒരുക്കിയ ശേഷമാണ് ഇഷാൻ കളം വിട്ടത്. ഇഷ് സോധിയുടെ പന്തിൽ മാറ്റ് ഹന്റി പിടിച്ച് പുറത്താകുമ്പോഴേക്കും 76 റൺസ് താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നിരുന്നു. 11 ഫോറും നാല് സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഇഷാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയെ സാക്ഷിയാക്കി സൂര്യ തന്റെ ടി20 കരിയറിലെ 22-ാം അർധ ശതകം പൂർത്തിയാക്കി. ഇരുവരും വമ്പൻ ഷോട്ടുകൾ പുറത്തെടുത്തതോടെ 16-ാം ഓവറിൽ കളി തീർന്നു. 37 പന്തിൽ 9 ഫോറും നാല് സിക്സും ഉൾപ്പെടെ പുറത്താകാതെ 82 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. ശിവം ദുബെ 18 പന്തിൽ 36 റൺസ് നേടി ക്യാപ്റ്റന് കൂട്ടായി നിന്നു.
ആദ്യം ബാറ്റുചെയ്ത കിവീസ് നിരയിൽ 47 റൺസ് നേടി പുറത്താകാതെനിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ടോപ് സ്കോറർ. രചിൻ രവീന്ദ്ര 44 റൺസ് നേടി. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജനുവരി 25ന് ഗുവാഹതിയിലും 28ന് വിശാഖപട്ടണത്തും 31ന് തിരുവനന്തപുരം കാര്യവട്ടത്തുമാണ് പരമ്പരയിലെ ബാക്കി മത്സരങ്ങൾ.
