ബ്രിക്‌സ് കറൻസിയിൽ ഇന്ത്യൻ പ്രതീകം താജ്മഹൽ; വിമർശനവുമായി സംഘ്പരിവാർ ഹാൻഡിലുകൾ
മോസ്‌കോ: കഴിഞ്ഞ ദിവസം റഷ്യൻ നഗരമായ കസാനിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയിൽ പ്രതീകാത്മകമായൊരു കറൻസി അനാവരണം ചെയ്തിരുന്നു. ആഗോള സമ്പദ്ഘടനയിൽ യുഎസ് ഡോളറിന്റെ മേധാവിത്വത്തിനെതിരെ ബദൽ അവതരിപ്പിക്കാൻ ആഹ്വാനമുണ്ടായ ഉച്ചകോടിയിലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ‘ബ്രിക്‌സ് കറൻസി’ അവതരിപ്പിച്ചത്. കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെയെല്ലാം പതാകയും പ്രതീകാത്മക ചിത്രവും ചേർത്താണ് നോട്ട് തയാറാക്കിയത്. ഇന്ത്യൻ പതാകയ്ക്കു പുറമെ താജ്മഹൽ ആണു രാജ്യത്തിന്റെ പ്രതീകമായി ഇതിൽ ഇടംപിടിച്ചത്.Sangh Parivar
ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പതാകകളാണ് കറൻസി നോട്ടിൽ ആലേഖനം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഓരോ രാജ്യങ്ങളിലെയും സാംസ്‌കാരിക പ്രാധാന്യമുള്ള പ്രതീകങ്ങളും ചേർത്തിട്ടുണ്ട്. ജൂത-ക്രിസ്ത്യൻ പള്ളികളും ചൈനീസ് ഡ്രാഗണുമെല്ലാം നോട്ടിൽ ഇടംപിടിച്ചത് അങ്ങനെയാണ്. മുഗൾ രാജാവ് ഷാജഹാൻ പത്‌നിയായ മുംതാസ് മഹലിന്റെ പേരിൽ പണികഴിപ്പിച്ച ചരിത്രപ്രാധാന്യമുള്ള താജ്മഹലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
അതിനിടെ, താജ്മഹലിനെ ഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചതിനെതിരെ ഹിന്ദുത്വ വിമർശനവും ഉയരുന്നുണ്ട്. താജ്മഹലിനെ മാത്രമാണ് മോദിക്ക് കറൻസി നോട്ടിൽ ചേർക്കാൻ ഇന്ത്യയിൽനിന്ന് കിട്ടിയതെന്ന് ഹിന്ദുത്വ സംഘമായ വിരാട് ഹിന്ദുസ്ഥാൻ സംഘം ദേശീയ ജനറൽ സെക്രട്ടറി ജഗദീഷ് ഷെട്ടി ആക്ഷേപിച്ചു. ഓം, അശോകചക്രം, ഗണേശ-ലക്ഷ്മി വിഗ്രഹം, കൊണാർക് സൂര്യക്ഷേത്രം എന്നിവയൊന്നും മോദി കണ്ടില്ലെന്നും ആക്ഷേപം തുടരുന്നു. മറ്റു രാജ്യങ്ങളെല്ലാം ജൂത-ക്രിസ്ത്യൻ പള്ളികളും ഡ്രാഗണുമെല്ലാം ഉൾപ്പെടെയുള്ള മതകീയമായ പ്രതീകങ്ങളെ ചേർത്തപ്പോഴാണ് മോദി നിരാശപ്പെടുത്തിയതെന്നും ഷെട്ടി വിമർശിച്ചു.
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ കൗടില്യന്റെ ചിത്രമാണ് ബ്രിക്‌സ് കറൻസിയിൽ ചേർക്കേണ്ടിയിരുന്നതെന്ന് ‘ഹിന്ദു എക്‌സിസ്റ്റൻസ്’ എന്ന പേരിലുള്ള എക്‌സ് ഹാൻഡിൽ അവകാശപ്പെട്ടു. ഇത് അന്തിമ രൂപമല്ലാത്തതിനാൽ മാറ്റാൻ ഇനിയും സമയമുണ്ടെന്നും താജ്മഹലിനു പകരം ഹിന്ദു പ്രതീകങ്ങൾ ചേർക്കണമെന്നും മറ്റൊരു യൂസർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ടാഗ് ചെയ്ത് ആവശ്യപ്പെടുന്നു.
അതേസമയം, ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കറൻസികളിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു 16-ാം ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. തീരുമാനത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുണച്ചിരുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സഹകരണവും ഐക്യവും ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മോദി പ്ലീനറി സെഷനിൽ പറഞ്ഞത്. പ്രാദേശിക കറൻസികളിലുള്ള വ്യാപാരവും അതിർത്തി കടന്നുള്ള ഇടപാടുകളും നമ്മുടെ സാമ്പത്തിക സഹകരണം ദൃഢമാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുഎസ് ഡോളറിനെ ആശ്രയിച്ചുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ബദൽ എന്ന ആശയവും മോദി ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കുവച്ചിരുന്നു. പുതിയ നീക്കത്തിലൂടെ ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കാനാകുമെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്. ഇതിന്റെ ഭാഗമായായിരുന്നു ബ്രിക്‌സ് കറൻസി ഉച്ചകോടിയിൽ അവതരിപ്പിച്ചത്. ഡോളറിനെതിരെയുള്ള സുപ്രധാന നീക്കമായാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
പിന്നീട് ബ്രിക്‌സിൽ ചേർന്ന ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളും സൗദി അറേബ്യയുമെല്ലാം പുതിയ കറൻസി നീക്കത്തെ പിന്താങ്ങിയിട്ടുണ്ട്. അർജന്റീന, കസാഖിസ്താൻ, നൈജീരിയ, സെനഗൽ, ബംഗ്ലാദേശ്, മെക്‌സിക്കോ, സിംബാബ്‌വേ, ബൊളീവിയ, വെനസ്വെല എന്നീ രാജ്യങ്ങളും ബ്രിക്‌സ് കറൻസിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.