ട്രംപിന്റെ പൗരത്വ സമയപരിധി മറികടക്കാൻ യുഎസിൽ സിസേറിയനായി ഇന്ത്യൻ ദമ്പതികളുടെ ഒഴുക്ക്

citizenship

വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിരോധന സമയപരിധി മറികടക്കാൻ യുഎസിൽ പ്രസവിക്കാനുള്ള തിരക്ക്. ഫെബ്രുവരി 20ന് മുമ്പ് സിസേറിയനുകൾക്കായി ഇന്ത്യൻ ദമ്പതികൾ പ്രസവ ക്ലിനിക്കുകളിൽ ക്യൂ നിൽക്കുന്നതായാണ് റിപ്പോർട്ട്. സിസേറിയനായി ഇരുപതോളം ദമ്പതികളിൽ നിന്ന് തനിക്ക് കോളുകൾ ലഭിച്ചതായി ഒരു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.citizenship

ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 20 ആണ്. അധികാരമേറ്റ ഉടൻ ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനാൽ, ഫെബ്രുവരി 19 വരെ യുഎസിൽ ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരായി ജനിക്കും. അതിന് ശേഷം, പൗരത്വമില്ലാത്ത ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾ സ്വാഭാവിക അമേരിക്കൻ പൗരന്മാരായിരിക്കില്ല. യുഎസിൽ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. യുഎസിൽ സ്ഥിരതാമസം നൽകുന്ന ഗ്രീൻ കാർഡുകൾക്കായുള്ള ക്യൂവിലും അവർ ഉണ്ട്. അമേരിക്കൻ പൗരന്മാരോ ഗ്രീൻ കാർഡ് ഉടമകളോ ഇല്ലാത്ത മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ ജനനം കൊണ്ട് യുഎസ് പൗരന്മാരാകില്ല.

ന്യൂജേഴ്സിയിൽ ഡോ. എസ്.ഡി രമയുടെ പ്രസവക്ലിനിക്കിൽ എട്ട്, ഒമ്പത് മാസം ഗർഭിണികളായ സ്ത്രീകൾ അസാധാരണമായ അളവിൽ സിസേറിയൻ ആവശ്യപ്പെടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൂർണഗർഭത്തിലെത്താൻ മാസങ്ങൾ ആവശ്യമുള്ളവരും സിസേറിയനായി ബന്ധപ്പെടുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

ടെക്‌സസിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ജി മുക്കാല, മാസം തികയാതെയുള്ള പ്രസവത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 20 ദമ്പതികളുമായി സംസാരിച്ചതായി അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

”അസ്വാഭാവികമായ ജനനം സാധ്യമാണെങ്കിൽ പോലും, അത് അമ്മക്കും കുഞ്ഞിനും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ഞാൻ ദമ്പതികളോട് പറയാൻ ശ്രമിക്കുന്നുണ്ട്. അവികസിത ശ്വാസകോശം, ഭക്ഷണ പ്രശ്‌നങ്ങൾ, കുറഞ്ഞ ജനന ഭാരം, നാഡീസംബന്ധമായ സങ്കീർണതകൾ എന്നിവയും അതിലേറെയും സങ്കീർണതകൾക്ക് നേരത്തെയുള്ള പ്രസവം കാരണമാവും” – അദ്ദേഹം പറഞ്ഞു.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ”കഴിഞ്ഞ എട്ട് വർഷമായി ഞാനും ഭാര്യയും അമേരിക്കയിലുണ്ട്. അഭയം തേടിയാണ് ഞങ്ങൾ ഇവിടെയെത്തിയത്. എന്റെ ഭാര്യ ഗർഭിണിയായപ്പോൾ ഞങ്ങളുടെ കുട്ടിയിലൂടെ നേരിട്ട് പൗരത്വം ലഭിക്കുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞിരുന്നത്. ഇപ്പോൾ എന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്. അതിനിടെ പുതിയ നിയമം വന്നതോടെ ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല”-കാലിഫോർണിയയി്ൽ താമസിക്കുന്ന ഒരാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *