സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൂ; കേന്ദ്രത്തോട് സുപ്രിംകോടതി

Supreme Court

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നൽകുന്നതിന് പകരം അവർക്ക് തൊഴിൽ സൃഷ്ടിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നത് തുടർന്നാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്തിന്‍റെയും മന്‍മോഹന്‍റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്Supreme Court

വലിയ തോതില്‍ റേഷന്‍ നല്‍കുന്ന രീതി തുടരുകയാണെങ്കില്‍ ജനങ്ങളെ തൃപ്തിപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനാണ് എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാം. എന്നാല്‍ സംസ്ഥാനങ്ങളോട് സൗജന്യ റേഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തങ്ങള്‍ക്ക് കഴിയില്ലെന്ന് പറയാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് സുപ്രിംകോടതി വ്യക്തമാക്കി.

2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം 80 കോടി ദരിദ്രരായ പൗരന്മാർക്ക് സൗജന്യ റേഷനായി ഗോതമ്പും അരിയും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം ഏകദേശം രണ്ടു മുതല്‍ മൂന്നു കോടി വരെ ആളുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായി ഹര്‍ജിക്കാരനായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് 2025 ജനുവരി എട്ടിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *