മാമി തിരോധാന കേസിൽ അന്വേഷണസംഘമായി; കോഴിക്കോട് ക്രൈംബ്രാഞ്ചിന് ചുമതല
തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ അന്വേഷണസംഘം രൂപീകരിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഐ.ജി പി. പ്രകാശ് മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷാണ് അന്വേഷണസംഘം രൂപീകരിച്ചത്.Mami
ഞായറാഴ്ച അന്വേഷണം തുടങ്ങും. സംസ്ഥാന പൊലീസ് മേധാവിയാണ് ഇന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സിബിഐക്ക് വിടണമെന്ന ശുപാർശക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
മാമി തിരോധാനക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. 2023 ആഗസ്റ്റ് 22നാണ് മാമിയെ കാണാതായത്.
‘മാമിയെന്ന കോഴിക്കോട്ടെ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല. കേസ് അനങ്ങിയിട്ടില്ല, അത് അനങ്ങൂല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വിഷയമാണ്’- എന്നാണ് എഡിജിപി അജിത് കുമാറിനെതിരെ ആരോപണമുന്നയിക്കുന്നതിനൊപ്പം പി.വി അന്‍വർ പറഞ്ഞത്.