ടി20 റാങ്കിങ്; മുന്നേറി സഞ്ജു, തലപ്പത്ത് അഭിഷേകും ഇഷാൻ കിഷനും, കുതിപ്പുമായി ബുംറ

ന്യൂഡൽഹി: ഐ.സി.സി ടി20 റാങ്കിങ്ങിൽ വൻ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ, ബൗളർമാരുടെ റാങ്കിങ്ങിലും മികച്ച നേട്ടമുണ്ടാക്കി. ബാറ്റർമാരിൽ ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ യുവതാരം അഭിഷേക് ശർമയാണ് രണ്ടാമത്.

913 പോയന്റോടെയാണ് ഇഷാൻ കിഷൻ ഒന്നാം റാങ്ക് അലങ്കരിക്കുന്നത്. അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അഭിഷേക് ശർമയ്ക്ക് 862 പോയന്റുണ്ട്.

ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം എട്ടാം സ്ഥാനത്തുള്ള തിലക് വർമയാണ്. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും മുൻ നായകൻ സൂര്യകുമാർ യാദവ് റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുണ്ട്. മലയാളി താരം സഞ്ജു സാംസൺ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 30-ാമതെത്തിയപ്പോൾ, തൊട്ടുമുന്നിലായി 29-ാം സ്ഥാനത്ത് ശ്രേയസ് അയ്യരുമുണ്ട്.

ടി20 ബൗളർമാരുടെ റാങ്കിങ്ങിലും ഇന്ത്യക്ക് അഭിമാനിക്കാം. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ പട്ടികയിൽ മികച്ച മുന്നേറ്റം നടത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വരുൺ ചക്രവർത്തി അഞ്ചാമതെത്തിയപ്പോൾ, ഏഴ് സ്ഥാനങ്ങൾ കയറിയാണ് പേസ് കുന്തമുന ജസ്പ്രീത് ബുംറ പത്താം റാങ്കിലെത്തിയത്. അർഷ്ദീപ് സിങ് 14-ാം സ്ഥാനത്താണ്. അഫ്ഗാനിസ്താന്റെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനാണ് ബൗളർമാരിൽ ഒന്നാമൻ.

ബാറ്റർമാരുടെ റാങ്കിങ് (ആദ്യ നാല് സ്ഥാനങ്ങൾ)

* ഇഷാൻ കിഷൻ (913 പോയന്റ്)

* അഭിഷേക് ശർമ (862 പോയന്റ്)

* സഹിബ്‌സാദ ഫർഹാൻ (848 പോയന്റ്)

* ഫിൽ സാൾട്ട് (799 പോയന്റ്)

ബൗളർമാരുടെ റാങ്കിങ് (ആദ്യ മൂന്ന് സ്ഥാനങ്ങൾ):

* റാഷിദ് ഖാൻ (744 പോയന്റ്)

* അബ്രാർ അഹമ്മദ് (736 പോയന്റ്)

* ആദിൽ റഷീദ് (710 പോയന്റ്)