തിരിച്ചറിയാനാവാത്ത 88 മൃതദേഹങ്ങൾ ഗസ്സയിലേക്കയച്ച് ഇസ്രായേൽ; സ്വീകരിക്കില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം
ഗസ്സ: ഫലസ്തീനികളുടെ തിരിച്ചറിയാത്ത 88 മൃതദേഹങ്ങൾ കണ്ടയ്‌നറിൽ ഗസ്സയിലേക്കയച്ച് ഇസ്രായേൽ. എന്നാൽ മരിച്ചവരെക്കുറിച്ച് പൂർണ വിവരങ്ങൾ നൽകാതെ മൃതദേഹങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. മരിച്ചവരുടെ പേര്, മരിച്ച സമയം, മൃതദേഹം ലഭിച്ച സ്ഥലം എന്നിവ നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.Israel
”ഇത് ഈ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും മിനിമം അവകാശമാണ്. മൃതദേഹങ്ങൾ കണ്ടയ്‌നറിൽ കയറ്റിവിട്ടത് മനുഷ്യത്വരഹിതമായ ക്രിമിനൽ നീക്കമാണ്”-ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ജീർണിച്ചവയായിരുന്നുവെന്ന് അൽ ജസീറയുടെ സെൻട്രൽ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു. മൃതദേഹങ്ങൾ ദീർഘകാലം ഇസ്രായേലിന്റെ കയ്യിലായിരുന്നുവെന്ന് കണ്ടാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.