മൂത്ത സഹോദരിയെ സ്‌നേഹിക്കുന്നതില്‍ അസൂയ: 71 കാരിയായ അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍

Jealous of elder sister's love: Younger daughter stabs 71-year-old mother to death

 

മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയപൂണ്ട് അമ്മയെ കുത്തിക്കൊന്ന് ഇളയമകള്‍. കൊലപാതകത്തിന് ശേഷം 41 കാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കുറ്റമേറ്റു പറഞ്ഞു. മുംബൈയിലാണ് സംഭവം. സാബിറ ബാനു ഷെയ്ഖ് എന്ന 71 കാരിയെയാണ് മകള്‍ രേഷ്മ മുസാഫര്‍ ഖാസി കൊലപ്പെടുത്തിയത്. കുര്‍ളയിലെ ഖുറേഷി നഗറില്‍ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.

കൂര്‍ത്ത ആയുധം ഉപയോഗിച്ച് അമ്മയുടെ വയറിലും നെഞ്ചിലും കഴുത്തിലും ഒന്നിലധികം തവണ ഇവര്‍ കുത്തി. തന്റെ മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. ഇത് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മകനോടൊപ്പം മുമ്പ്രയില്‍ താമസിച്ചിരുന്ന സാബിറ വ്യാഴാഴ്ചയാണ് രേഷ്മയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

നിലവില്‍ രേഷ്മ പൊലീസ് കസ്റ്റഡിയിലാണ്. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് പൊലീസ് കുടുംബാംഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നുമടക്കം മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *