തീ ആളി പടർന്നപ്പോൾ മൂന്നാം നിലയിൽ നിന്ന് ചാടി; രക്ഷയായത് വാട്ടർ ടാങ്ക്; നളിനാക്ഷന് ഇത് രണ്ടാം ജന്മം
കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഒളവറ താഴത്ത് വളപ്പിൽ നളിനാക്ഷൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. കെട്ടിടത്തിൽ ആളി പടരുമ്പോഴും നളിനാക്ഷൻ രക്ഷ തേടിയുള്ള വഴിയിലായിരുന്നു. ദുരന്തത്തിൽ നിരവധി പേരുടെ ജീവൻ നഷ്‌ടമായ വാർത്തകൾ പുറത്തു വരുമ്പോൾ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടാൻ നാളിനാക്ഷന് തുണയായത് വാട്ടർ ടാങ്കാണ്. തീ പടർന്നപ്പോൾ നളിനാക്ഷൻ എടുത്തുചാടുകയായിരുന്നു.
തീ കെട്ടിടമാകെ പടർന്നപ്പോഴാണ് ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ വാട്ടർ ടാങ്കിന്റെ കാര്യം നളിനാക്ഷന് ഓർമ വന്നത്. ചാടാൻ പറ്റുന്ന പാകത്തിലായതോടെ ഒന്നും ആലോചിച്ചില്ല നളിനാക്ഷൻ ജനലിലൂടെ ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റ നളിനാക്ഷൻ ചികിത്സയിൽ തുടരുകയാണ്. താഴെവീണ നളിനാക്ഷനെ തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാട്ടത്തിൽ പരിക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നളിനാക്ഷനും ഒളവറയിലെ കുടുംബവും.
നളിനാക്ഷന് നട്ടെല്ലിനാണ് പരുക്കേറ്റത്. ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. കുവൈത്ത് തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ട നളിനാക്ഷന്റെ ശബ്ദം ഫോണിൽ കേട്ടപ്പോൾ തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിലും ആശ്വാസം ആയി. ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. സഹോദരനും ബന്ധുക്കളും മാറിമാറി വിളിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ലായിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ടോടെ സുരക്ഷിതനാണെന്ന നളിനാക്ഷന്റെ ഫോൺകോൾ എത്തുകയായിരുന്നു.
ളിനാക്ഷന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ ബിന്ദു അറിയിച്ചു. ശസ്ത്രക്രിയ പൂർത്തിയായെന്ന് ഭാര്യ ബിന്ദു പറഞ്ഞു. ഇത് രണ്ടാം ജന്മമാണ് നളിനാക്ഷന്. നളിനാക്ഷനെ വീഡിയോ കോളിലൂടെ വിളിച്ചു സംസാരിച്ചെന്ന് ഭാര്യ പറഞ്ഞു. നാളിനാക്ഷനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സഹോദരൻ രാജു ആവശ്യപ്പെട്ടു. 10 വർഷത്തിലേറെയായി കുവൈറ്റിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ വിവിധ സംഘടനകളുമായി ചേർന്ന് സന്നദ്ധ പ്രവർത്തനം നടത്തുന്നതിലും സജീവമായിരുന്നു. നളിനാക്ഷൻ ഏപ്രിലിലാണ് കുവൈറ്റിലേക്ക് തിരിച്ചുപോയത്.