കർണാടക ഹൈക്കോടതി ജഡ്ജിയുടെ ‘പാകിസ്താൻ’ പരാമർശം; സ്വമേധയാ ഇടപെട്ട് സുപ്രിംകോടതി, റിപ്പോർട്ട് സമർപ്പിക്കാൻ നിർദേ‌ശം

Karnataka High Court judge's 'Pakistan' reference; The Supreme Court is directed to voluntarily intervene and submit a report

 

കർണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ ‘പാകിസ്താൻ’ പരാമർശത്തിൽ സ്വമേധയാ ഇടപെട്ട് സുപ്രിംകോടതി. കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രജൂഡ് ആവശ്യപ്പെട്ടത്. രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി ഹൈക്കോടതിയോട് നിർദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ബെംഗളൂരുവിൽ മുസ്‍ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ചാണ് കർണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമർശം നടത്തിയത്. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചായിരുന്നു ജസ്റ്റിസിന്റെ പരാമർശം.

“മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാൽ, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാൽ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാർഥ്യം. എത്ര കർശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവർ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും” എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

ജസ്റ്റിസിൻറെ വാക്കുകൾ വ്യാപക വിമർശത്തിന് വഴിവച്ചിട്ടുണ്ട്. ”സമൂഹത്തിൽ ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരു ജഡ്ജിയിൽ നിന്നുണ്ടായ സംസാരം തികച്ചും അസ്വീകാര്യമാണ്. ഇയാൾ ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല. അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഇയാളെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണം” ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ബൃന്ദ അഡിഗെ പ്രസ്താവനയെ അപലപിച്ചു.

”ഒരു ജഡ്ജി വ്യത്യസ്ത വിശ്വാസം പുലർത്തുന്ന സ്വന്തം രാജ്യത്തെ പൗരൻമാരെ പാകിസ്താനി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു” അഡ്വ. സഞ്ജയ് ഘോഷ് പറഞ്ഞു. ജസ്റ്റിസ് വേദവ്യാസാചാറിൻറെ വിവാദ പരാമർശത്തിൻറെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വേദവ്യാസാചാർ എപ്പോഴാണ് ഈ പരാമർശം നടത്തിയതെന്നോ ഏത് സന്ദർഭത്തിലാണെന്നോ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *