വിൽപത്രത്തിലൂടെ ഭൂമി കൈമാറ്റം; മാർഗനിർദേശങ്ങൾക്ക് ഹൈക്കോടതി സ്റ്റേ

കേരള ഹൈകോടതി സമുച്ചയം

കൊച്ചി: വിൽപത്രങ്ങളിലൂടെയുള്ള ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. വിൽപത്രത്തിലൂടെ സ്വത്ത് ലഭിച്ചവരെ നിയമയുദ്ധത്തിലേക്ക് തള്ളിവിടുമെന്നടക്കം പ്രഥമദൃഷ്ട്യ വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

പോക്കുവരവിനായി അപേക്ഷിക്കുമ്പോൾ വിൽപത്രത്തിന്റെ പകർപ്പിനൊപ്പം ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റോ ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റോ ഹാജരാക്കണം, ഇവ ലഭ്യമല്ലെങ്കിൽ അനന്തരാവകാശികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം നൽകണം, തുടർന്നുള്ള നോട്ടീസിൽ ആരും എതിർപ്പ് അറിയിച്ചില്ലെങ്കിലോ അനന്തരാവകാശികൾ എല്ലാവരും സമ്മതം അറിയിച്ചാലോ തർക്കമില്ലാത്ത കേസായി പരിഗണിച്ച് പോക്കുവരവ് അനുവദിക്കണം, അനന്തരാവകാശികൾ വിൽപത്രത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയാൽ റവന്യൂ ഓഫിസർ കക്ഷികളോട് സിവിൽ കോടതിയെ സമീപിക്കാൻ നിർദേശിക്കണം തുടങ്ങിയവയായിരുന്നു സിംഗിൾ ബെഞ്ചിന്റെ മാർഗ നിർദേശങ്ങൾ.

66ലെ ട്രാൻസ്ഫർ ഓഫ് ഫ്രീഡം രജിസ്ട്രി റൂൾസിൽ വിൽപത്രങ്ങൾ വഴിയുള്ള അവകാശ കൈമാറ്റത്തെക്കുറിച്ച് വ്യക്തതയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു സിംഗിൾ ബെഞ്ച് പുതിയ നിർദേശങ്ങൾ നൽകിയത്. തൃശൂർ അയ്യന്തോൾ സ്വദേശിനി ഷീജ കെ. മേനോൻ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഭൂമി കൈമാറ്റ നടപടികൾ നികുതി സംബന്ധമായ ക്രമീകരണം മാത്രമാണെന്നും അത് ഒരാളുടെ നിയമപരമായ അവകാശങ്ങളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അപേക്ഷകളിൽ തഹസിൽദാർമാർക്ക് തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡിസംബർ മൂന്നിലേക്ക് മാറ്റി.