കെ.എ.എസ് നിയമനങ്ങളിൽ പ്രതിസന്ധി; കരടുഭേദഗതിക്ക് പിന്നാലെ പുതിയ നീക്കം, ഉദ്യോഗാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: കെ.എ.എസ് നിയമനങ്ങൾ നിർത്തിവെക്കുന്നു. ഭരണ നിർവഹണ ഉദ്യോഗസ്ഥരുടെ രണ്ടാംനിര രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇടതുസർക്കാർ 2018ൽ നടപ്പാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിലേക്കുള്ള പുതിയ നിയമനങ്ങൾക്ക് യു.ഡി.എഫ് സർക്കാറിന്റെ നിലപാടുകൾ വിലങ്ങുതടിയാവുന്നു. കെ.എ.എസ് കരടുഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തതിന് പിന്നാലെ രണ്ടാം ബാച്ച് കെ.എ.എസുകാരുടെ നിയമന നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് രംഗത്തെത്തുകയും ചെയ്തതോടെ നിലവിൽ സർവിസിൽ ഉള്ളവരും നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളും ആശങ്കയിലാണ്.
കെ.എ.എസ് സർവിസിലേക്കുള്ള രണ്ടാമത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാൻ 31 തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫയലിൽ എഴുതിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഈ വർഷം ജനുവരി 30ന് നിലവിൽവന്ന റാങ്ക് ലിസ്റ്റിൽ 261 പേരാണുള്ളത്. പട്ടിയുടെ കാലപരിധി അവസാനിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കെ മൂന്ന് സ്ട്രീമുകളിൽനിന്നുള്ള ഒന്നാം റാങ്കുകാർക്ക് മാത്രമാണ് നിയമനശിപാർശ നൽകിയത്.
എന്നാൽ, ഇവർക്കാർക്കും നിയമനം നൽകിയിട്ടില്ല. സ്ട്രീം വണ്ണിലെ ഒന്നാം റാങ്കുകാരൻ കെ.എ.എസ് നിയമനം കാത്ത് മടുത്ത്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടിയിൽനിന്ന് ധനവകുപ്പിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷത്തേക്കാണ് കെ.എ.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. മുഖ്യമന്ത്രി മുൻകൈ എടുത്തു രൂപീകരിച്ച വയോജനക്ഷേമവകുപ്പിൽ 14 ജില്ലകളിലും തലപ്പത്ത് കെ.എ.എസ് ഉദ്യോഗസ്ഥർ വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
സർക്കാർ നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണ നിർവഹണ ഉദ്യോഗസ്ഥരുടെ രണ്ടാംനിര രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ സ്വന്തം അഡ്മിനിസ്ട്രേറ്റീവ് സർവിസ് രൂപീകരിച്ചത്. എന്നാൽ, സംസ്ഥാന സിവിൽ സർവിസ് എന്ന നിലയിൽ കേന്ദ്രസർക്കാർ ഇതുവരെ കെ.എ.എസിനെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ ചുവടുപിടിച്ചാണ് നിയമനത്തിലും തസ്തികകളിലുമൊക്കെ സമഗ്രമായ മാറ്റം വരുത്തി ചട്ടം ഭേദഗതി ചെയ്യാൻ പുതിയ സർക്കാർ തീരുമാനിച്ചത്.
കെ.എ.എസിന്റെ ആദ്യറാങ്ക് പട്ടിയിൽനിന്ന് വിവിധ വകുപ്പുകളിൽ നിയമിക്കപ്പെട്ടത് 105 പേരാണ്. പുതിയ കരടുചട്ടത്തിലെ പ്രമോഷൻ, ശമ്പളം, സീനിയോറിറ്റി തുടങ്ങിയ കാര്യങ്ങളിലെ അവ്യക്തതയിൽ ഇവർക്കും ആശങ്കയുണ്ട്. ശമ്പളം, കേഡർ അംഗബലം, സ്ഥാനക്കയറ്റ വിഹിതം, പരീക്ഷാരീതി, പരിശീലനം എന്നിവയെല്ലാം ഇനി അതതുകാലത്ത് സർക്കാർ ഉത്തരവുകളിലൂടെ നിശ്ചയിക്കുമെന്നാണു കരടു ചട്ടത്തിൽ പറയുന്നത്.
