'സർവ്വം വെട്ടിപ്പ്'; മെസ്സിയെ കാണിച്ചു കേരളക്കരയെ പറ്റിച്ചോ?… മുൻ കായിക മന്ത്രിക്ക് കുരുക്കായി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ നടന്നത് വൻ തട്ടിപ്പെന്ന് കായിക വകുപ്പിന്റെ കണ്ടെത്തൽ. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെയും സ്പോൺസർമാരെയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. സ്പോൺസറെ തെരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അർജന്റീന ഫുട്ബാൾ അസോസിയേഷന് ഒന്നര കോടി യു.എസ് ഡോളർ (ഏകദേശം 126 കോടി രൂപ) കൈമാറിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ യാതൊരു ആധികാരിക രേഖയും സർക്കാരിന്റെ പക്കലില്ല. വിദേശനാണ്യ വിനിമയ ചട്ട ലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴിയാണ് പണം കൈമാറ്റം നടത്താൻ സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. എന്നാൽ ഈ ഏജൻസി അമേരിക്കയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അന്വേഷണം നേരിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, 126 കോടിയുടെ പണമിടപാടിൽ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പ് സ്പോൺസർക്ക് സമൻസ് അയച്ചിട്ടുണ്ട്.
മെസ്സിയെ കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകാമെന്ന് കാണിച്ച് കളമശ്ശേരി ആസ്ഥാനമായ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനം 2023 ജൂലൈയിൽ സർക്കാരിന് കത്തയച്ചിരുന്നു. ഈ കത്ത് നൽകുന്നതിന് വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത, ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള സ്ഥാപനമായിരുന്നു ഇത്. പിന്നീട് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് ഈ സ്ഥാപനത്തിനുമുള്ളത്. യാതൊരു ടെൻഡറുമില്ലാതെ ഏകപക്ഷീയമായാണ് സ്പോൺസറെ കണ്ടെത്തിയതെന്നും
അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനെന്ന പേരിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിൽ പര്യടനം നടത്തിയിരുന്നു. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർക്കൊപ്പമായിരുന്നു ഒരാഴ്ചത്തെ സന്ദർശനം. എന്നാൽ, എ.എഫ്.എ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകളൊന്നും സർക്കാരിന്റെ കൈവശമില്ല. സ്പെയിനിൽ വെച്ച് ആരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
