‘കോഹ്‌ലിക്ക് സച്ചിനെ മറികടക്കാൻ സാധിക്കില്ല’; ചർച്ചയായി മുൻ ഓസീസ് താരത്തിന്റെ പ്രതികരണം
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‌ലിക്ക് സാധിക്കില്ലെന്ന മുൻ ആസ്ത്രേലിയൻ ക്രിക്കറ്റർ ബ്രാഡ് ഹോഗിന്റെ പരാമർശം ചർച്ചയാകുന്നു. ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന് പിന്നാലെയാണ് കോഹ്‌ലിയുടെ മോശം ഫോമിനെക്കുറിച്ച് ഓസീസ് സ്പിന്നർ പ്രതികരിച്ചത്.Kohli
മത്സരത്തിൽ ഇന്ത്യ 280 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ട് ഇന്നിങ്‌സിലും വിരാട് പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സിൽ 6 റൺസെടുത്ത താരം, രണ്ടാം ഇന്നിങ്‌സിൽ 17 റൺസിലും പുറത്തായിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ മികച്ച താരം പ്രതാപകാലം പിന്നിട്ടെന്ന രീതിയിൽ ചർച്ച ആരംഭിച്ചത്.
”വിരാട് സച്ചിനെ മറികടക്കുമെന്ന് കരുതേണ്ട. അയാൾക്ക് അതിനുള്ള ആവേശം ഇപ്പോഴില്ല. അടുത്ത 10 ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലി അത് തിരിച്ചറിയണം’. മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് തന്റെ യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 200-ടെസ്റ്റ് മത്സരങ്ങളിൽ നിന്നും സച്ചിൻ നേടിയ 15,921 റൺസ് എന്ന ലോക റെക്കോർഡ് തകർക്കാൻ റൂട്ട് മാത്രമേ ഉള്ളൂവെന്നും ഹോഗ് കൂട്ടിചേർത്തു. 146 ടെസ്റ്റുകളിൽ നിന്ന് 12,402 റൺസുമായി 33 കാരനായ റൂട്ട് സച്ചിന് പിന്നിലുണ്ട്. നവംബറിൽ 36 വയസ്സ് തികയുന്ന കോഹ്‌ലി 114 മൽസരങ്ങളിൽ നിന്ന് 8871 റൺസാണ് നേടിയത്.