കോഹ്ലിക്ക് തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്
മുംബൈ: ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ ബലത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഏകദിന ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 44 ഓവറില്‍ 327 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 117 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ് ക്രീസില്‍.
ഓപണർ ശുഭ്മാൻ ഗില്‍ (79) പരിക്കു മൂലം റിട്ടയേഡ് ഹര്‍ട്ടായി. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിക്കരികെ (47) പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. ടി20 മാതൃകയിൽ തകർത്തടിച്ചു കളിച്ച നായകൻ രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടു. ന്യൂസിലാൻഡ് ബൗളർമാരെ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും അടിച്ചു പറത്തിയ രോഹിത് 29 പന്തിൽനിന്ന് നാല് വീതം സിക്‌സറിന്റെയും ഫോറിന്റെയും അകമ്പടിയോടെ 47 റൺസാണ് സ്വന്തമാക്കിയത്. ടിം സൗത്തിയെ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെ നായകൻ കെയൻ വില്യംസിന്റെ കൈയിലൊതുങ്ങി.
രോഹിത് പുറത്തായ ശേഷം ഗിയർ മാറ്റിയ ഗിൽ തകർപ്പൻ ഇന്നിങ്‌സുമായി കളം നിറഞ്ഞു. 65 പന്തിൽനിന്ന് 79 റൺസെടുത്ത ഗിൽ പരിക്കു മൂലം റിട്ടയേഡ് ഹർട്ടായി. പേശിവലിവു മൂലമാണ് ഗിൽ തിരിച്ചു കയറിയത്.
അർധസെഞ്ച്വറി നേടിയ കോഹ്‌ലി ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഇത് എട്ടാം തവണയാണ് കോഹ്‌ലി അർധസെഞ്ച്വറി പിന്നിടുന്നത്. ഏഴു തവണ അമ്പത് റൺസിന് മുകളിൽ സ്‌കോർ ചെയ്ത ഷാകിബുൽ ഹസന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും റെക്കോർഡാണ് താരം മറികടന്നത്.
അവസാന മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലാൻഡും നിലനിർത്തിയത്. എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവൻ പോയന്റും സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസിലൻഡാകട്ടെ ആദ്യ നാലുമത്സരങ്ങൾ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തിൽ ജയിച്ച് നാലാം സ്ഥാനത്തോടെ സെമി ഉറപ്പാക്കി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (നായകൻ), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്