കുറ്റിപ്പുറം ബസ് അപകടം; ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയുമാണ് അപകട കാരണം

കുറ്റിപ്പുറം: ദേശീയപാതയിൽ ഞായറാഴ്ച നടന്ന വാഹനാപകടം ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയും കാരണമാണെന്ന് പ്രാഥമിക റിപ്പോർട്ട്‌. ഹൈഡ്രോപ്ലെയിനിങ് അപകടസാധ്യത വര്‍ധിപ്പിച്ചെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് സര്‍വിസ് റോഡ് നല്‍കിയത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

അപകടം നടന്ന പാതയില്‍ ഹൈഡ്രോപ്ലെയിനിങ്ങിനുള്ള സാധ്യത കൂടുതലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റിന്റെ പ്രാഥമിക നിഗമനം. റോഡിനും ടയറിനുമിടയില്‍ വെള്ളപ്പാളി രൂപപ്പെട്ട് ഇവ തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്. എതിര്‍ദിശയിലുള്ള റോഡിലെ വെള്ളം ഒലിച്ചുവരുന്നത് അപകടം നടന്ന ഭാഗത്തെ റോഡിലേക്കാണ്. ദേശീയപാതയില്‍ ഇത് അനുവദനീയമല്ല. ഓരോ ഭാഗത്തെയും വെള്ളം അതേ ഭാഗത്തേക്ക് ഒഴുക്കിക്കളയണം. വെള്ളമുള്ള റോഡിലൂടെ അമിതവേഗത്തില്‍ വന്നതോടെ ബസിന്റെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണബലം നഷ്ടപ്പെട്ടിരിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

അതേസമയം, വാഹനത്തിന്റെ അമിതവേഗവും പെട്ടെന്നുള്ള ബ്രേക്കിങ്ങും അപകടത്തിന് കാരണമായിട്ടുണ്ട്. അപകടസമയത്തെ ബസിന്റെ വേഗവും റോഡിന്റെ അശാസ്ത്രീയ നിർമാണവും സംബന്ധിച്ച് ട്രാൻസ്പോർട്ട് കമീഷണർ നിർദേശിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. നാഷനൽ ഹൈവേയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് അറിയാത്തതും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

എം.വി.ഐ ഓഫിസർ മുഹമ്മദ്‌ ബഷീർ, ആർ.ടി.ഒ ഓഫിസർ യൂസഫ്, ഡിസ്ട്രിക്ട് ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി സുനിൽ പുള്ളിക്കൽ, ഡി.സി.ആർ.ബി എസ്.ഐ സജീവ്, ഡി.സി.ആർ.ബി എസ്.സി.പി.ഒ സുജിത്, കുറ്റിപ്പുറം എസ്.ഐ കെ.എസ്. സുധീർ, എസ്.സി.പി.ഒ ജോൺസൺ സോമൻ, നാറ്റ്പാക് ടീം ഗൗതം സാരങ്, നാഷനൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥൻ പി.പി അഷ്റഫ് തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.

റോഡിലെ കൈവിട്ട കളി; മണിക്കൂറുകൾക്കകം പൂട്ടിട്ട് പൊലീസ്

ദേശീയപാതയിൽ കുറ്റിപ്പുറത്ത് ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ്. കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന ‘ശാസ്ത’ ബസിലെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവൻ പണയംവെച്ച് വാഹനമോടിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ദേശീയപാതയിൽനിന്നായിരുന്നു ആ കാഴ്ച.

കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ ബ​സ്

ഒരു കൈയിൽ ഫോൺ ചെവിയിൽ ചേർത്തുപിടിച്ചും മറുകൈയിൽ സ്റ്റിയറിങ് തിരിച്ചും അശ്രദ്ധമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മൊബൈൽ ഫോൺ ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. തൃശൂർ മർക്കാക്കര സ്വദേശി ഋതുഷിനെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. കുറ്റിപ്പുറം എസ്.ഐ കെ.എസ്. സുധീറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ശ്യാം, ബൈജു തുടങ്ങിയവരാണ് വാഹനം പിടികൂടിയത്.