ലോക ബാഡ്മിന്റൺ; ലാനിയറും യങ്ങും ജേതാക്കൾ

ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സമാപിച്ചു. പുരുഷ സിംഗ്ൾസ് ഫൈനലിൽ ഫ്രാൻസിന്റെ അലക്സ് ലാനിയർ ജപ്പാന്റെ കൊദായ് നരോക്കയെ (21-11, 21-11) തോൽപിച്ച് ചാമ്പ്യനായി. വനിതാ സിംഗ്ൾസിൽ ദക്ഷിണ കൊറിയയുടെ അൻ സെ-യങ് ജപ്പാന്റെ അകാനെ യമാഗുച്ചിയെ (21-17, 21-14) പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ലോക ചാമ്പ്യൻപട്ടം നിലനിർത്തി.

പുരുഷ ഡബ്ൾസിൽ ചൈനയുടെ ലിയാങ് വെയ്‌കെങ് – വാങ് ചാങ് സഖ്യം മലേഷ്യയുടെ ആരോൺ ചിയ – സോ വൂയ് യിക് ജോടിയെ (21-17, 21-16) വീഴ്ത്തി സ്വർണം നേടിയപ്പോൾ വനിതകളിൽ ദക്ഷിണ കൊറിയയുടെ ബേക്ക് ഹാ-നാ – ലീ സോ-ഹീ സഖ്യം ചൈനയുടെ ലിയു ഷെങ്ഷു – താൻ നിങ് ജോടിയെ (21-15, 21-15) പരാജയപ്പെടുത്തി ജേതാക്കളായി. മിക്സഡ് ഡബ്ൾസിൽ ഫ്രാൻസിന്റെ തോം ജിക്വൽ – ഡെൽഫിൻ ഡെൽറൂ കൂട്ടുകെട്ട് ചൈനയുടെ ഫെങ് യാൻഷെ – ഹുവാങ് ഡോങ്പിങ് സഖ്യത്തെ അട്ടിമറിച്ച് (22-20, 19-21, 21-15) കിരീടം നേടി. വനിതാ ഡബ്ൾസിൽ മലയാളി താരം ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് ജോടി വെങ്കലം സ്വന്തമാക്കിയതാണ് ഇന്ത്യയുടെ ഏക നേട്ടം.