‘യുസ്വേന്ദ്ര ചഹലിനെ ജയിലിലടക്കണം…’; പഞ്ചാബ് താരത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ: പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ ഇ-സിഗരറ്റ് ഉപയോഗിച്ചതിൽ വിവാദം പുകയുന്നു. സംഭവത്തിൽ താരത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആവശ്യപ്പെട്ടു. ഐ.പി.എൽ വേദികളിലും ഡ്രസ്സിങ് റൂമുകളിലും ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ബി.സി.സി.ഐ കർശനമായി വിലക്കിയിട്ടുണ്ട്.
പഞ്ചാബ് കിങ്സ് ടീമിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ചഹൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പിഴ ചുമത്തിയാൽ മാത്രം പോരെന്നും നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും ശിവരാമകൃഷ്ണൻ ആവശ്യപ്പെട്ടു. ‘രാജ്യത്ത് ഇ-സിഗരറ്റ് നിരോധിച്ചതാണ്. താരം ജയിലിൽ പോകേണ്ടവനാണ്. നിയമങ്ങൾ ഉണ്ടെങ്കിലും അവ നടപ്പാക്കിയില്ലെങ്കിൽ എന്ത് കാര്യമാണുള്ളത്? മാച്ച് ഫീസിന്റെ 25 ശതമാനം പിഴയൊക്കെ വെറും തുച്ഛമാണ്. ഒരു സാധാരണക്കാരനാണ് ഇത് ചെയ്തതെങ്കിൽ എന്തായിരിക്കും നടപടി?’ -ശിവരാമകൃഷ്ണൻ പറഞ്ഞു. ഐ.പി.എൽ 2026 സീസണിൽ കളിക്കളത്തിന് പുറത്തെ താരങ്ങളുടെ പെരുമാറ്റം വീണ്ടും ചർച്ചയാകുകയാണ്.
ടീം അംഗം അർഷ്ദീപ് സിങ് തന്റെ വ്ലോഗിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ചഹലിനെ വെട്ടിലാക്കിയത്. അഹ്മാദാബാദിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ടീം അംഗങ്ങൾക്കൊപ്പം ഇരിക്കവേ ചഹൽ വേപ്പിങ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ അർഷ്ദീപിന്റെ വ്ലോഗിൽ നിന്ന് ചഹൽ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു.
സീസണിലെ രണ്ടാമത്തെ വേപ്പിങ് വിവാദമാണിത്. നേരത്തെ ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. വിഷയത്തിൽ ബി.സി.സി.ഐയോ പഞ്ചാബ് കിങ്സ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുവതാരങ്ങൾ പൊതുയിടങ്ങളിൽ പെരുമാറുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ ആവശ്യപ്പെട്ടിരുന്നു.
