ഹാദിയെ തിരികെത്തന്ന ആരവിനും അമ്മക്കും കുടുംബത്തിന്റെ ഓണസമ്മാനം

സൗ​മ്യ​ക്ക് ഹാ​ദി​യു​ടെ കു​ടും​ബം തു​ക കൈ​മാ​റു​ന്നു

എടവണ്ണ: കൂട്ടുകാരൻ മുഹമ്മദ് ഹാദിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ആരവിനും അമ്മ സൗമ്യക്കും നാടിന്റെ ആദരം. കഴിഞ്ഞ ബുധനാഴ്ച പാലപ്പറ്റ ചെവിടിക്കുഴിയിലെ അംഗൻവാടി വിദ്യാർഥികളായ മുഹമ്മദ് ഹാദിയും ആരവും വീട്ടിലേക്ക് പോകുന്നതിനിടെയാണ് സമീപത്തെ കുളത്തിലേക്ക് ഹാദി വീണത്.

ആരവ് ഉടൻ തന്നെ തന്റെ വീട്ടിലെത്തി ചേട്ടനെ അറിയിച്ചു. ഇത് കേട്ട അമ്മ സൗമ്യ മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് ഓടിയെത്തി ഹാദിയെ മുങ്ങിയെടുത്തു. തുടർന്ന് നാട്ടുകാരെ അറിയിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മുഹമ്മദ് ഹാദി സുഖം പ്രാപിച്ചു.

ഹാദിയുടെ കുടുംബമായ ഇളയിടത്ത് കുടുംബ കൂട്ടായ്മ സൗമ്യയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തിയാണ് മകന്റെ ജീവൻ രക്ഷിച്ചതിന് നന്ദി പറഞ്ഞത്. ഞായറാഴ്ച നടന്ന പ്രദേശവാസികളുടെ ഓണപരിപാടിയിൽ സൗമ്യയെ ആദരിച്ചു. പണയപ്പെടുത്തിയ അവരുടെ ആധാരം തിരിച്ചെടുക്കാനാവശ്യമായ 85,000 രൂപയും മറ്റ് സമ്മാനങ്ങളും നൽകി. ആരവ് എന്ന സച്ചുവിന് ഒരു സൈക്കിളും നൽകിയതോടെയാണ് ഹാദിക്ക് സന്തോഷമായത്. അനുമോദനച്ചടങ്ങിൽ വാർഡ് മെമ്പർ സുജിത, മുഹമ്മദ് ഇളയിടത്ത്, ക്ലബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.