റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ; ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെയായിരുന്നു അപകടം. ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടമുണ്ടായത്. കാന്തി നഗർ സ്വദേശികളായ ഇരുവരും മൊബൈൽ പിടിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുകയായിരുന്നു. ട്രെയിൻ വരുന്ന ദൃശ്യങ്ങളായിരുന്നു ഇവർ പകർത്തിക്കൊണ്ടിരുന്നത്.
ട്രെയിനിടിച്ച് മരിച്ച യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുന്നവരാണ് യുവാക്കളെന്നാണ് പൊലീസിനു ലഭിച്ച വിവരം.
മൃതദേഹം ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.