വിമർശകരെകൊണ്ട് കൈയ്യടിപ്പിച്ച് മഗ്വയർ; അമോറിം ടാക്റ്റിക്‌സിൽ ക്ലിക്കായി ഇംഗ്ലീഷ് താരം

Maguire applauded by critics; The English player clicked on Amorim's tactics

വർഷം 2022. ഘാന പാർലിമെന്റിൽ സാമ്പത്തിക വിഷത്തിൽ ചൂടേറിയ ചർച്ച നടന്നുവരുന്നു. പാർലിമെന്റംഗം ഇസാക് അഡോംഗോ എണീറ്റു നിന്ന് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മഹമൂദു ബാഹുമിയക്കെതിരെ ആഞ്ഞടിച്ചു. പ്രസംഗത്തിനിടെ ഇംഗ്ലണ്ടിന്റേയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും പ്രതിരോധ താരം ഹാരി മഗ്വയറുമായാണ് വൈസ് പ്രസിഡന്റിനെ താരതമ്യപ്പെടുത്തിയത്. മഗ്വയർ സ്വന്തം ടീമിന് എങ്ങനെയാണോ ബാധ്യതയാകുന്നത് അതുപോലെ രാജ്യത്തിന് ഈ വൈസ് പ്രസിഡന്റും ഒരു ബാധ്യതയാണെന്ന് എം.പി വിമർശനമുന്നയിച്ചു. ഒരുപടികൂടി കടന്ന് ബഹുമിയക്ക് ‘എകണോകിക് മഗ്വയർ’ എന്ന വിശേഷണവും ചാർത്തിനൽകി. ആ പാർലിമെന്റ് പ്രസംഗം ആഗോളതലത്തിൽ വൈറലാകാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഇംഗ്ലീഷ് പ്രതിരോധ താരം ട്രോളർമാരുടെ ഇഷ്ട മെറ്റീരിയായി. അവർ തങ്ങളുടെ ക്രിയേറ്റിവിറ്റി ചേർത്ത് മഗ്വയറിനെ സമൂഹമാധ്യമങ്ങളിൽ നിരന്തരം കളിയാക്കി.English

 

80 മില്യൺ പൗണ്ട്. ഫുട്ബോളിൽ പ്രതിരോധ താരത്തിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് 2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഹാരി മഗ്വയർ എത്തിയത്. മാസങ്ങൾക്കിപ്പുറം ക്ലബിന്റെ നായകപദവിയിലേക്കും അവരോധിക്കപ്പെട്ടു. എന്നാൽ ആരാധകരും ക്ലബ് മാനേജ്മെന്റും പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ അയാൾക്കായില്ല. വലിയ ബ്ലണ്ടറുകൾ അയാളിൽ നിന്നുണ്ടായി. പലപ്പോഴും എതിരാളികൾക്ക് പാസ് നൽകി സ്വന്തം ടീമിനെ തോൽപിക്കുന്നവൻ എന്ന ആരോപണം നിരന്തരംകേട്ടുകൊണ്ടിരുന്നു. ഓൾഡ് ട്രാഫോർഡിലടക്കം തുടർ തോൽവികൾ. സ്വന്തം കാണികളിൽ നിന്ന് നിർത്താതെ കൂവൽ. നിരന്തരം പരാജയപ്പെട്ടതോടെ ഒടുവിൽ ക്യാപ്റ്റൻ സ്ഥാനവും തെറിച്ചു. ആദ്യ ഇലവനിൽ നിന്നും പതിയെ മാറ്റിനിർത്താൻ തുടങ്ങി.

 

കരിയറിൽ നേരിടേണ്ടിവന്ന സമാനകളില്ലാത്ത തിരിച്ചടികൾ അയാളെ ഒരു ഘട്ടത്തിലും തളർത്തിയില്ല. മൈതാനത്തിന് പുറത്തുനിന്നുള്ള കൊത്തിവലിക്കലും ഗൗനിച്ചതേയില്ല. തെറ്റുകൾ പരിഹരിച്ചും കഠിനാദ്ധ്വാനം ചെയതും പ്രീമിയർലീഗിലേക്ക് ശക്തമായ കംബാക് നടത്തിയ മഗ്വയറിനെയാണ് ഫുട്ബോൾ ലോകം ഇപ്പോൾ കാണുന്നത്. പരാജിതനായ നായകനിൽ നിന്നുള്ള വീരോചിത തിരിച്ചുവരവ്. പോയ ഏതാനും മാസങ്ങളായി ഈ ഇംഗ്ലീഷ് പ്രതിരോധ താരം ഫുൾ കോൺഫിഡൻസിലാണ് പന്തുതട്ടുന്നത്. ഈ ആറടി നാലിഞ്ചുകാരനെ മറികടക്കാനാകാതെ എതിരാളികൾ വെള്ളം കുടിക്കുന്നു. ഞാനുള്ളപ്പോൾ ഈ ടെറിറ്ററിയിലേക്ക് ഒരാളും കടക്കില്ല എന്ന ആറ്റിറ്റിയൂഡിലാണ് പോയ ഏതാനും മത്സരങ്ങളിൽ മഗ്വയർ പന്തുതട്ടുന്നത്. മഗ്വയറിനായി മുടക്കിയ 80 മില്യൺ ഒരു നഷ്ടമല്ല എന്ന തിരിച്ചറിവ് ഇപ്പോൾ യുനൈറ്റഡ് ആരാധകർക്കുണ്ട്.

 

യുണൈറ്റഡിൽ മഗ്വയറിന്റെ ആദ്യ മൂന്ന് സീസണുകൾ സമ്പൂർണ ദുരന്തമെന്ന് പറനായാനാവില്ല. അന്നത്തെ നോർവീജിയൻ മാനേജർ ഒലേ ഗുന്നാർ സോൾസ്ജെറിന്റെ ടീം ഫോർമേഷനും പ്ലാനുകളും മഗ്വയറിന്റെ കളിശൈലിയുമായി പലപ്പോഴും കണക്ടായില്ലെന്നതാണ് വസ്തുത. 2021ൽ ഇടക്കാല പരിശീലകനായി റാഫ് റാഗ്‌നിക് സ്ഥാനമേറ്റെടുത്തതോടെയാണ് മഗ്വയറിന്റെ കരിയറിൽ തിരിച്ചടികളുടെ കാലം തുടങ്ങുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ പലകുറി മഗ്വയർ ബലിയാടായി. 2022 മെയ് മാസം ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗ് ചുമതലയേൽക്കുമ്പോൾ ആദ്യ ഇലവനിലെ ഏറ്റവും ദുർബലനായ ഡിഫൻഡറായി ഇംഗ്ലീഷ് താരം മാറിയിരുന്നു. ഇതോടെ റാഫേൽ വരാനെക്കൊപ്പം ഫസ്റ്റ് ചോയ്സ് സെൻട്രൽ ബാക്കായി ലിസാൻഡ്രോ മാർട്ടിനസിനെ ടെൻഹാഗ് എത്തിക്കുകയായിരുന്നു.

 

2022-23 സീസണുകളിൽ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നുമായി വെറും 16 മാച്ചുകളിലാണ് മഗ്വയർ സ്റ്റാർട്ട് ചെയ്തത്. കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്. പല മത്സരങ്ങളിലും സബ്സ്റ്റിറ്റിയൂഷൻ റോളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഓൾഡ് ട്രാഫോർഡിൽ മഗ്വയറിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന വാർത്തകൾ അന്തരീക്ഷത്തിൽ ഉരുണ്ടുകൂടി. ഇതിനിടെ ക്യാപ്റ്റൻ ആംബാൻഡ് മഗ്വയറിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ കൈകളിലേക്കുമെത്തി. ചുളുവിലക്ക് മഗ്വയറിനെയെത്തിക്കാനായി വെസ്റ്റ്ഹാം അടക്കമുള്ള ക്ലബുകളും വലവിരിച്ചു. എന്നാൽ തന്റെ ഫ്യൂച്ചർ യുണൈറ്റഡിനൊപ്പമാണെന്ന് മഗ്വയർ ഉറച്ചുവിശ്വസിച്ചു. കംബാകിനായുള്ള കഠിനപരിശ്രമത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഇതിനിടെ ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് ദീർഘകാലം പുറത്തായതോടെ മഗ്വയറിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചു തുടങ്ങി. എഫ്.എ കപ്പ് കിരീടം മാറ്റിനിർത്തിയാൽ യുണൈറ്റഡിന് പോയവർഷം ഉയർത്തികാണിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. പ്രീമിയർലീഗിൽ വീണ്ടും അമ്പേ പരാജയം. എന്നാൽ പോയ സീസണിൽ തല ഉയർത്തിപിടിച്ച ഒരു താരമുണ്ടെങ്കിൽ അത് മഗ്വയറെന്ന് നിസംശയം പറയാനാകും. നിർണായക മത്സരങ്ങളിൽ ഗോൾ നേടിയും ഗ്രൗണ്ടിൽ കഠിനാദ്ധ്വാനം ചെയ്തും അയാൾ ചുവന്ന ചെകുത്താൻമാർക്കായി സർവ്വസവും നൽകി.

 

2023-24 സീസൺ അവസാനം പരിക്ക് മഗ്വയർക്ക് മുന്നിൽ വില്ലനായി അവതരിച്ചു. അവസാന മത്സരങ്ങളിൽ 31കാരന് കളത്തിലിറങ്ങാനായില്ല. തൊട്ടുപിന്നാലെ യൂറോകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാർഡിൽ നിന്നും പുറത്തായി. കരിയറിലെ മിന്നും ഫോമിൽ നിൽക്കെയുള്ള തിരിച്ചടി. ”തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്നായിരുന്നു ഈ നിമിഷത്തെ കുറിച്ച് മഗ്വയർ പ്രതികരിച്ചത്”. എന്നാൽ അവിടെയും അയാൾ തളർന്നില്ല. നിശ്ചയദാർഢ്യത്തിലൂടെ വീണ്ടും ഗ്രൗണ്ടിലേക്ക്.

 

റൂബൻ അമോറിം യുഗത്തിൽ മഗ്വയറിന്റെ ഭാവിയെന്ത്. പ്രതിരോധ നിരയിൽ കരുത്തായി മത്തേസ് ഡിലിറ്റ്, ഫ്രഞ്ച് കൗമാരക്കാരൻ ലെനി യോറോ എന്നിവർ കൂടിയെത്തിയതോടെ മഗ്വയർ ബെഞ്ചിലൊതുങ്ങുമെന്ന് ആരാധകരും വിശ്വസിച്ചു. എന്നാൽ പോയ വർഷം ഡിസംബർ 15ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ മഗ്വയറിന്റെ വിശ്വരൂപം ആരാധകർ കണ്ടു. ഡ്യുവലിലും ടാക്കിളുമെല്ലാം നൂറു ശതമാനം കൃത്യത. എർലിങ് ഹാളണ്ട് എന്ന ലോകോത്തര സ്ട്രൈക്കർ മഗ്വയറിന്റെ പ്രഭാവലയത്തിൽ നിഷ്പ്രഭനായി. മൂന്ന് ഡിഫൻഡറെ നിർത്തിയുള്ള പോർച്ചുഗീസ് പരിശീലകന്റെ 3-4-3 ഫോർമേഷൻ ഫലപ്രദമായി. ഡിലെറ്റിനും മാർട്ടിനസിനും മധ്യത്തിലായി മഗ്വയറിന്റെ വേൾഡ് ക്ലാസ് പെർഫോമൻസ്.

 

തുടർന്നങ്ങോട്ട് അമോറിം ടാക്റ്റിക്സിലെ പ്രധാനിയായി മഗ്വയർ മാറുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ലിവർപൂളിനെതിരായ നിർണായക പോരാട്ടത്തിലും ഇംഗ്ലീഷ് താരം ടീമിൽ സ്ഥനമുറപ്പിച്ചു. പ്രീമിയർലീഗിൽ തകർപ്പൻ ഫോമിലുള്ള ചെമ്പടയെ ആൻഫീൽഡിൽ കുരുക്കാനും പിടിക്കാനും ചുവന്ന ചെകുത്താൻമാർക്കായി. ഏറ്റവുമൊടുവിൽ ആർസനലിനെതിരെ എഫ്.എ കപ്പിലും പ്രതീക്ഷ കാക്കുന്ന പ്രകടനം. വിവാദ പെനാൽറ്റിയടക്കം കണ്ട മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് യുണൈറ്റഡ് വിജയംപിടിച്ചത്. ഗണ്ണേഴ്സിനെതിരായ മത്സരത്തിൽ യഥാർത്ഥ ലീഡറായി കളത്തിലുണ്ടായിരുന്നത് മഗ്വയറായിരുന്നു. ടീം അംഗങ്ങളെ പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും അയാൾ നിലകൊണ്ടു.

 

ജനുവരി ട്രാൻസ്ഫർ വിൻഡോ ചൂടുപിടിക്കുമ്പോഴും മഗ്വയർ ക്ലബ് വിടുന്നതിനെ കുറിച്ച് ഇപ്പോൾ എവിടെയും സംസാരമില്ല. അയാളെ വിമർശിച്ചവർ ഇപ്പോൾ അയാൾക്കായി ചാന്റുകൾ ചൊല്ലുകയാണ്. വിമർശിച്ച ഘാന എം.പി തന്നെ പരസ്യഖേദപ്രകടനവുമായി ഇപ്പോൾ രംഗത്തെത്തിയിരുന്നു. സീറോയിൽ നിന്ന് ഹീറോയിലേക്കുള്ള കംബാക്. റൂബൻ അമോറിം പ്രോജക്ടിൽ മഗ്വയറിൽ നിന്ന് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. യുണൈറ്റഡിന് അപ്പുറം ഇംഗ്ലീഷ് ഫുട്ബോളിലും അത്ഭുതങ്ങൾ തീർക്കാൻ മഗ്വയറിനാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *