ഫോൺ നൽകിയില്ല; മലപ്പുറത്ത് ഒന്നാം ക്ലാസുകാരൻ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
മലപ്പുറം: ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്യാൽ സ്വദേശി പുരയ്ക്കൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് (7) മരിച്ചത്. തിരൂർ ജി.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
രാവിലെ മദ്രസ കഴിഞ്ഞു വന്ന ശേഷം സ്‌കൂളിലേക്ക് പോവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കുളിമുറിയിൽ കയറിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാതിരുന്നപ്പോൾ മാതാവ് ബഹളം വച്ചു നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോൾ അയയിൽ തോർത്തുമുണ്ടിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. ഉടൻ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളിക്കാൻ പോകും മുമ്പായി, കളിക്കാൻ മൊബൈൽഫോൺ കിട്ടാനായി കുട്ടി ശാഠ്യം പിടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. താനൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മാതാവ് സൈഫുന്നീസ. സഹോദരങ്ങൾ: മുഹമ്മദ് റിഷാൽ, ഷൈമ മോൾ. Malappuram 1st class boy found dead in bathroom at home.