മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്

Mallu Hindu WhatsApp Group Controversy; K. Police said Gopalakrishnan's actions are suspicious

 

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് സംശയം. പൊലീസിന് നൽകും മുൻപ് നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്.

Also Read : മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു, ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ൾ

ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്‌തത്‌ കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഫോറൻസിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഫോൺ ഫോർമാറ്റ് ചെയ്‌താണ്‌ ഗോപാലകൃഷ്‌ണൻ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. ഹാക്ക് ചെയ്യപ്പെട്ടില്ലന്ന് മെറ്റയും അറിയിച്ചതായി കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ള്‍ പൊലീസിന് മറുപടി നൽകിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗൂഗ്ള്‍ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണൻ പ്ലേ സ്റ്റോറിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിച്ചിട്ടില്ല. ഗോപാലകൃഷ്ണന്‍റെ ഫോണിൽ വേറെ ഐപി അഡ്രസ് ഉപയോഗിച്ച് ഇടപെടൽ നടന്നിട്ടില്ലെന്നും കണ്ടെത്തി.

ഈയിടെയാണ് സംസ്ഥാനത്തെ മുതിർന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന വിവരം പുറത്താകുന്നത്. അഡ്മിനാകട്ടെ, ഗോപാലകൃഷ്ണനും. ഗ്രൂപ്പിന്‍റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥർ ചില ചോദ്യങ്ങൾ ഉയർത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടർന്നാണ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ മെസ്സേജ് അയക്കുന്നത്. തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്‍റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *