മറഡോണയുടെ 'ദൈവത്തിന്റെ കൈ' തൊട്ട പന്തിന് 33 കോടി; ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് ലേലം

ന്യൂയോർക്ക്: 1986 ലോകകപ്പിൽ അർജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ ചരിത്രപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ ഫുട്ബാൾ ലേലത്തിൽ വിറ്റുപോയി. അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസ് നടത്തിയ ലേലത്തിൽ 32.61 കോടി രൂപയ്ക്കാണ് (3.35 മില്യൺ ഡോളർ) ഈ വിശ്വവിഖ്യാത പന്ത് വിറ്റുപോയത്. ഫുട്ബാൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കായികശേഷിപ്പുകളിൽ ഒന്നായാണ് ഈ പന്ത് കണക്കാക്കപ്പെടുന്നത്.

ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് ഈയിടെ നടത്തിയ ലേലത്തിലാണ് ചരിത്രമുറങ്ങുന്ന ഈ തുകൽ പന്ത് കൈമാറ്റം ചെയ്യപ്പെട്ടത്. 2.5 ദശലക്ഷം യു.എസ് ഡോളർ (ഏതാണ്ട് 24 കോടി രൂപ) ആയിരുന്നു പന്തിന്റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ലേലം അവസാനിച്ചപ്പോൾ ഇത് 33 കോടി രൂപയ്ക്കടുത്തെത്തുകയായിരുന്നു. ഏകദേശം 10 മില്യൺ ഡോളർ വരെ പന്തിന് ലഭിക്കുമെന്നായിരുന്നു ലേലക്കമ്പനി ആദ്യം പ്രതീക്ഷിച്ചിരുന്നത്.

മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് ഫുട്ബാൾ ലോകത്തെ പിടിച്ചുകുലുക്കിയ ആ ഗോൾ പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് പെനാൽറ്റി ബോക്സിൽ വെച്ച് മറഡോണ കൈകൊണ്ട് പന്ത് വലയിലാക്കുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ ഹാൻഡ് ബോളിനായി വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

മത്സരശേഷം ഈ വിവാദഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അൽപ്പം മറഡോണയുടെ തലയും ബാക്കി ദൈവത്തിന്റെ കൈയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഈ ഗോൾ ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ചു. ഇതേ മത്സരത്തിൽ തന്നെ അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് മറഡോണ നേടിയ വിഖ്യാതമായ ‘നൂറ്റാണ്ടിന്റെ ഗോളും’ ഇതേ പന്തുകൊണ്ടുതന്നെയായിരുന്നു എന്നത് ഇതിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു.

അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസറാണ് മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഈ പന്ത് സൂക്ഷിച്ചിരുന്നത്. ഈ മത്സരത്തിൽ ഉപയോഗിച്ച ഏക പന്ത് ഇതുമാത്രമായിരുന്നു എന്ന് അദ്ദേഹം പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2022-ൽ അദ്ദേഹം ഇത് 22 കോടി രൂപയ്ക്ക് (2.37 മില്യൺ ഡോളർ) വിറ്റു. പുതിയ ഉടമ 2023-ൽ ഇത് വീണ്ടും ലേലത്തിന് വെച്ചെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെത്തുടർന്ന് വിൽപ്പന നടന്നില്ല.

ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സി 2022-ൽ നടന്ന മറ്റൊരു ലേലത്തിൽ 9.3 മില്യൺ ഡോളറിന് (ഏകദേശം 71 കോടി രൂപ) വിറ്റുപോയിരുന്നു. ഒരു കായികതാരത്തിന്റെ ജേഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഫുട്ബാൾ ചരിത്രത്തിൽ തന്നെ നിലവിലുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന വസ്തുവാണിതെന്ന് ഹെറിറ്റേജ് ഓക്ഷൻസ് പ്രതിനിധികൾ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇന്നും ആവേശത്തോടെ ഓർക്കുന്ന രണ്ട് ഐതിഹാസിക ഗോളുകൾക്ക് സാക്ഷ്യം വഹിച്ച പന്താണ് പുതിയ ഉടമസ്ഥനിലേക്ക് എത്തിയിരിക്കുന്നത്.