വിവാഹിതരായ മുസ്‌ലിംകൾക്ക് ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമപരമായി അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

High Court

ലഖ്‌നോ: വിവാഹിതരായ മുസ്‌ലിംകൾക്ക് ലിവിങ് ടുഗതർ ബന്ധങ്ങൾ അവകാശപ്പെടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദാമ്പത്യബന്ധത്തിൽ ഇസ്‌ലാമിക തത്വങ്ങൾ പ്രകാരം ലിവിങ് ടുഗതർ ബന്ധങ്ങൾ അനുവദിക്കുന്നില്ല. ഒരാളുടെ ഇണ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും ഇത് അനുവദിക്കാനാവില്ല. അതേസമയം രണ്ടുപേരും പ്രായപൂർത്തിയായവരും അവിവാഹിതരുമാണെങ്കിൽ അവരുടെ ജീവതം സ്വയം തെരഞ്ഞെടുക്കാമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് പറഞ്ഞു. High Court

ഉത്തർപ്രദേശിലെ ബഹ്‌റൈഖ് ജില്ലക്കാരായ മുഹമ്മദ് ശാദബ് ഖാനും സ്‌നേഹാ ദേവിയുമാണ് ഒരുമിച്ച് ജീവിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സ്‌നേഹാ ദേവിയെ ശാദബ് ഖാൻ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മാതാപിതാക്കൾ ഹരജി നൽകിയിരുന്നു. ഇതിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്.

തങ്ങൾ ലിവിങ് ടുഗതർ ബന്ധത്തിലാണെന്നും സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമായിരുന്നു ശാദബ് ഖാന്റെയും സ്‌നേഹാ ദേവിയുടെയും വാദം. എന്നാൽ കോടതി നടത്തിയ അന്വേഷണത്തിൽ ശാദബ് ഖാൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇസ്‌ലാം ലിവിങ് ടുഗതർ ബന്ധങ്ങൾ അനുവദിക്കുന്നില്ലെന്നും സുപ്രിംകോടതിയുടെ ഉത്തരവ് ഇവർക്ക് ബാധകമാവില്ലെന്നും വിധിച്ചത്.

വിവാഹം പോലുള്ള കാര്യങ്ങളിൽ ഭരണഘടനാ ധാർമികതയും സാമൂഹിക ധാർമികതയും സന്തുലിതമാവണം. ഇത് ഇല്ലാതായാൽ സാമൂഹിക ഐക്യവും സമാധാനാവും ഇല്ലാതാവുമെന്നും ജസ്റ്റിസുമാരായ എ.ആർ മസൂദി, എ.കെ ശ്രീവാസ്തവ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സ്‌നേഹാ ദേവിയെ മാതാപിതാക്കൾക്കൊപ്പം അയക്കാനും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *