‘മോദിയുടെ പ്രസംഗം ബോറടിപ്പിച്ചു, ഒരു ദിവസം രണ്ട് കണക്ക് ക്ലാസിൽ ഇരുന്ന അവസ്ഥ’- പ്രിയങ്ക ഗാന്ധി

Modi

ന്യൂഡൽഹി: ലോക്‌സഭയിലെ ഭരണഘടനാ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി. മോദിയുടെ പ്രസംഗം ബോറടിപ്പിച്ചെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രസംഗം കേട്ടത് ഒരു ദിവസം രണ്ട് കണക്ക് ക്ലാസിൽ ഇരുന്ന അവസ്ഥയിലാണെന്നും അമിത് ഷായ്ക്കും ജെ.പി നദ്ദയ്ക്കും ബോറടിച്ചതായി അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക പരിഹസിച്ചു.Modi

1 മണിക്കൂർ 50 മിനിറ്റ് ആണ് പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയിൽ പ്രസംഗിച്ചത്. തുടക്കത്തിൽ നാരീശക്തിയെ പറ്റിയും ബിജെപിയുടെ ഭരണനേട്ടങ്ങളെ പറ്റിയുമെല്ലാം പറഞ്ഞ മോദി, പിന്നീട് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതാണ് കണ്ടത്. നെഹ്‌റുവിനെയും ഇന്ദിരയെയുമടക്കം ഗാന്ധി കുടുംബത്തെ മോദി കടന്നാക്രമിച്ചു. നെഹ്‌റുവിൽ തുടങ്ങിയ പാപം, ഇന്ദിരയും രാജീവും കടന്ന് ഇന്നത്തെ തലമുറയിൽ എത്തി നിൽക്കുന്നു എന്നായിരുന്നു മോദിയുടെ രൂക്ഷവിമർശനം.

നെഹ്‌റു സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഭരണഘടന അട്ടിമറിച്ചെന്നും, ആ പാപം അടിയന്തരാവസ്ഥയിലൂടെ ഇന്ദിര തുടർന്നെന്നും വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രിംകോടതി നിർദേശം അട്ടിമറിച്ചെന്നും മോദി വിമർശിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരു വ്യക്തി മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ വിമർശനം. ഭരണഘടന അട്ടിമറിച്ചത് കോൺഗ്രസ് ആണെന്ന് രാഹുൽ ഗാന്ധിക്ക് മോദി പരോക്ഷ മറുപടിയും നൽകി. മനുസ്മൃതിയാണ് ഭരണഘടനയെന്ന് പറഞ്ഞ സവർക്കറെ ബിജെപി തള്ളിപ്പറയുമോ എന്നായിരുന്നു ഭരണഘടനാ ചർച്ചയിൽ രാഹുലിന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *