ഷാജി എൻ കരുണിനെതിരെ കൂടുതൽ സംവിധായകർ; സാമ്പത്തികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനി ഐജി
തിരുവനന്തപുരം: കെഎസ്എഫ്‍ഡിസി ചെയർമാൻ ഷാജി എൻ കരുണിനെതിരെ ആരോപണങ്ങളുമായി കൂടുതൽ സംവിധായകർ രംഗത്ത്. സംവിധായക ഇന്ദുലക്ഷ്മിക്ക് നേരിട്ടതിന് സമാനമായ ദുരനുഭവം തനിക്കും നേരിട്ടെന്ന് ‘ഡിവോഴ്സ്’ സിനിമയുടെ സംവിധായക മിനി ഐജി വെളിപ്പെടുത്തി. ഷാജി എൻ കരുൺ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചുവെന്നും മിനി ഐജി മീഡിയ വണ്ണിനോട് പറഞ്ഞു.Shaji
‘ചിത്രീകരണ സമയത്ത് പണം നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചു. 2021ഇൽ സെൻസറിങ് പൂർത്തിയായെങ്കിലും 2023 വരെ സിനിമ റിലീസ് ചെയ്തില്ല. മുഖ്യമന്ത്രിക്കും മന്ത്രി സജി ചെറിയാനും പരാതി നൽകിയതിൽ പ്രതികാരം നടപടികൾ സ്വീകരിച്ചു. സിനിമ നിർമ്മിക്കുക മാത്രമാണ് റിലീസ് ചെയ്യുകയല്ല കെഎസ്എഫ്ഡിസി യുടെ ചുമതലയെന്ന് പറഞ്ഞു. കെഎസ്എഫ്ഡിസിയുടെ സഹായത്തോടെ നിർമ്മിച്ച ആദ്യ സിനിമയായിട്ടും റിലീസ് വൈകിപ്പിച്ചു. പല മീറ്റിങ്ങുകളിലും ഷാജി എൻ കരുൺ മാനസികമായി ഉപദ്രവിച്ചു,” മിനി ഐജി വെളിപ്പെടുത്തി.
സംവിധായക ഇന്ദുലക്ഷ്മി ഷാജി എൻ കരുണിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കെഎസ്എഫ്ഡിസിയുടെ വനിതാ സംവിധായകർക്കുള്ള സിനിമാ പദ്ധതിയിൽ പൂർത്തിയാക്കിയ ‘നിള’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഇന്ദു ലക്ഷ്മി. ഷാജി എൻ കരുൺ മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്നും, തന്നോടും തന്റെ സിനിമയോടും കടുത്ത അവഗണന കാണിച്ചുവെന്നും ഇന്ദു ലക്ഷ്മി ആരോപണം ഉന്നയിച്ചിരുന്നു. ഷാജി എൻ കരുണിനെതിരെ നിരവധി ഫേസ്ബുക് പോസ്റ്റുകളും ഇന്ദു ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.