മൊസാദ് ആസ്ഥാനം, ഇന്റലിജൻസ് കേന്ദ്രം, ഇലക്ട്രിസിറ്റി കോർപറേഷൻ-തെൽഅവീവിൽ തിരിച്ചടിച്ച് ഹിസ്ബുല്ല, വടക്കൻ ഇസ്രായേലിൽ റോക്കറ്റ് വർഷം

 

Mossad headquarters, intelligence center, electricity corporation-Hezbollah strikes back in Tel Aviv, rocket year in northern Israel

തെൽഅവീവ്: പേജർ ആക്രമണത്തിലും ലബനാനുനേരെ നടക്കുന്ന വ്യോമാക്രമണത്തിലും തിരിച്ചടിച്ച് ഹിസ്ബുല്ല. വിവിധ ഇസ്രായേൽ നഗരങ്ങൾക്കു നേരെ റോക്കറ്റ് വർഷവും ബാലിസ്റ്റിക് മിസൈൽ ആക്രമണവും നടത്തിയിരിക്കുകയാണ് ഹിസ്ബുല്ല. ഒക്ടോബർ ഏഴിനുശേഷം ഇതാദ്യമായാണ് തെൽഅവീവിനെ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടക്കുന്നതെന്ന് ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. തെൽഅവീവിലെ മൊസാദ് ആസ്ഥാനത്തിനുനേരെയും ഇസ്രായേൽ ഇലക്ട്രിക് കോർപറേഷൻ കാര്യാലയത്തിനുനേരെയും ഹിസ്ബുല്ല വ്യോമാക്രമണം നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

തെൽഅവീവ് നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഖാദിർ 1 ബാലിസ്റ്റിക് മിസൈൽ ആണ് ഇസ്രായേൽ ചാരസംഘത്തിന്റെ താവളം ലക്ഷ്യമിട്ട് വിക്ഷേപിച്ചത്. ഹിസ്ബുല്ല നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് നടന്ന പേജർ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്.

തെൽഅവീവിലെ ഗിലോട്ടിലുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഇന്റലിജൻസ് കോംപൗണ്ടിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി സൗദി മാധ്യമം ‘അൽഅറബിയ്യ’ റിപ്പോർട്ട് ചെയ്തു. ഉപരിതല മിസൈൽ ആണ് ഗിലോട്ടിലെത്തിയത്. ആക്രമണത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇസ്രായേൽ ഇലക്ട്രിക് കോർപറേഷന്റെ കാര്യാലയത്തിനുനേരെയും ഹിസ്ബുല്ല ആക്രമണമുണ്ടായി. കോർപറേഷൻ തന്നെയാണു വിവരം പുറത്തുവിട്ടത്. തന്ത്രപ്രധാന മേഖലയിലായിരുന്നു ആക്രമണമെന്നാണ് കോർപറേഷൻ അറിയിച്ചത്. എന്നാൽ, നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടിട്ടുണ്ട്.

ഇന്നു രാവിലെ മുതൽ 40ലേറെ റോക്കറ്റുകൾ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയെന്നാണ് ഐഡിഎഫ് സ്ഥിരീകരിച്ചത്. വടക്കൻ ഇസ്രായേലിലാണ് കാര്യമായി ആക്രമണം നടക്കുന്നത്. ഇവിടെ കിബ്ബുറ്റ്‌സ് സാറിലുണ്ടായ ആക്രമണത്തിൽ 35ഉം 52ഉം വയസ് പ്രായമുള്ള ഇസ്രായേലികൾക്ക് പരിക്കേറ്റതായി ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

വടക്കൻ ഇസ്രായേല്‍ നഗരങ്ങൾക്കുനേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം തുടരുകയാണെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു. ഈ മേഖലയിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച് അപായസൂചനയായി നിരന്തരം സൈറണുകൾ മുഴങ്ങുകയാണ്. ഹൈഫ ജില്ലയുടെ ഭാഗമായ സിക്രോൺ യാക്കോവിനുനേരെയും ഇതാദ്യമായി റോക്കറ്റ് ആക്രമണം നടന്നു. സിക്രോണിനു പുറമെ യോക്‌നീം ഇല്ലിറ്റ് ഉൾപ്പെടെയുള്ള ഹൈഫയുടെ ദക്ഷിണ തീരനഗരങ്ങളിലെല്ലാം ഇന്ന് അപായസൈറണുകൾ മുഴങ്ങിയിരുന്നു.

വടക്കൻ ഇസ്രായേൽ നഗരമായ സഫേദിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു കെട്ടിടം പൂർണമായി തകർന്നു. നഗരത്തിലെ വയോകേന്ദ്രത്തിനു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചത്. ഇതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നുവെന്ന് ഹാരെറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടു വന്ന റോക്കറ്റുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഐഡിഎഫ് പ്രതികരിച്ചു. പുലർച്ചെ 6.30ഓടെ മെട്രോപൊളിറ്റൻ മേഖലയായ തെൽഅവീവിലും നെതന്യായിലും ഗില്ലോട്ടിലും രാമത് ഗാനിലും സമീപപ്രദേശങ്ങളിലുമെല്ലാം സൈറണുകൾ മുഴങ്ങിയിരുന്നു. മേഖലയെ ലക്ഷ്യമിട്ടു വന്ന ആദ്യത്തെ മിസൈലിനെ ഡേവിഡ്‌സ് സ്ലിങ്‌സ് വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായി ഐഡിഎഫ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *