മുണ്ടക്കൈ ദുരന്തം: സംസ്‌കാരം നടത്തിയതിന്റെ യഥാർഥ ചെലവ് 19,67,740 രൂപ
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്. 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ് കണക്ക് നിയമസഭയെ അറിയിച്ചത്.Mundakai
231 മൃതദേഹങ്ങൾ, 222 ശരീരഭാഗങ്ങൾ എന്നിവ ദുരന്തബാധിത പ്രദേശത്തുനിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തി. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും നേരിൽ പരിശോധിച്ച് ബന്ധുക്കൾ തിരിച്ചറിയുകയും ഇവ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. ആറു മൃതദേഹങ്ങൾ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.
ഇത് കൂടാതെ എഴ് ശരീരഭാഗങ്ങൾ ഫോറൻസികിന് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് ഉറപ്പ് വരുത്തുന്നതിനായി കൈമാറി. തിരിച്ചറിയാൻ പറ്റാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും മന്ത്രിമാർ, ജില്ലാ കലക്ടർ, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചുവെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി