'എന്റെ ഭൂതകാലത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ല'; യോഗ്രാജ് സിങ്ങിനെതിരെ പൃഥ്വി ഷാ

ന്യൂഡൽഹി: തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി പൃഥ്വി ഷാ. തന്റെ മൗനത്തെ ബലഹീനതയായി കാണരുതെന്നും വ്യക്തിഹത്യയും അനാവശ്യ വിവാദങ്ങളും തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വി ഷാ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
തന്റെ ഭൂതകാലം ജീവിതത്തിന്റെ ഭാഗമാണെന്നും അതിൽ ഒളിച്ചുവെക്കാനോ ലജ്ജിക്കാനോ ഒന്നുമില്ലെന്നും പൃഥ്വി ഷാ പ്രതികരിച്ചു. “എന്റെ ഭൂതകാലം ജീവിതത്തിന്റെ ഭാഗമാണ്. അതിൽ ഒളിച്ചുവെക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. എന്നാൽ, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും വ്യക്തിഹത്യ നടത്താനും എന്റെ പേരും ഭൂതകാലവും മനഃപൂർവം ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ നിയമനടപടി സ്വീകരിക്കേണ്ടിവരും. എന്റെ മൗനത്തെ ഒരിക്കലും ബലഹീനതയായി കാണരുത്. അന്തസ്സോടെ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ സ്വന്തം നിലനിൽപ്പിനായി പ്രതികരിക്കാൻ മടിക്കില്ല,” പൃഥ്വി ഷാ വ്യക്തമാക്കി.
നേരത്തെ, സ്പോർട്സ് ലോഞ്ച്പാഡ് എന്ന പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഷായുടെ കരിയറിലെ തകർച്ചയെ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ കരിയറുമായി താരതമ്യം ചെയ്ത് യോഗ്രാജ് സിങ് രംഗത്തെത്തിയത്. പാർട്ടികളും മദ്യപാനവും പുകവലിയും സ്ത്രീകളുമായുള്ള ബന്ധങ്ങളുമാണ് വിനോദ് കാംബ്ലിയുടെ കരിയർ തകർത്തതെന്നും, അതുപോലെ തെറ്റായ കൂട്ടുകെട്ടുകളും ജീവിതശൈലിയുമാണ് പൃഥ്വി ഷായുടെ കരിയറിലും സംഭവിച്ചതെന്നുമാണ് യോഗ്രാജ് സിങ്ങിന്റെ ആരോപണം.
2018ൽ ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനായിരുന്നു പൃഥ്വി ഷാ. 18-ാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി താരമെന്ന് പലരും മുംബൈ ബാറ്ററെ പുകഴ്ത്തി. എന്നാൽ പിന്നീട് ഫോം നഷ്ടപ്പെട്ടതും ഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്ക നടപടികളും താരത്തിന് തിരിച്ചടിയായി. ഇതോടെ ദേശീയ ടീമിൽനിന്ന് പുറത്തായി.
പൃഥ്വി ഷാ അവസാനമായി ഇന്ത്യക്കായി കളിച്ചത് 2021ലാണ്. പിന്നീട് ഐ.പി.എൽ താരലേലത്തിലും താരത്തിന് തിരിച്ചടികൾ നേരിട്ടു. കരിയറിൽ തുടർച്ചയായ തിരിച്ചടികൾ നേരിടുന്നതിനിടെയാണ് താരത്തിന്റെ വ്യക്തിജീവിതത്തെ വിമർശിച്ച് യോഗ്രാജ് സിങ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പൃഥ്വി ഷാ രംഗത്തെത്തിയിരിക്കുന്നത്.
