നയീം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ

Hezbollah

ബെയ്റൂത്ത്: ലെബനാനിലെ രാഷ്ട്രീയ പാർട്ടിയും അർദ്ധസൈനിക വിഭാഗവുമായ ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി ഷൈഖ് നയീം ഖാസിമിനെ ശൂറ കൗൺസിൽ തെരഞ്ഞെടുത്തു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്റുല്ലയുടെ പിൻഗാമിയായിട്ടാണ് ഖാസിം വരുന്നത്. നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഇദ്ദേഹം. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് ഖാസിമിനെ പുതിയ തലവനായി തെരഞ്ഞെടുത്തതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.Hezbollah

സംഘടനയെ മൂന്ന് പതിറ്റാണ്ട് നയിച്ച ഹസൻ നസ്റുല്ലയുടെ വിയോഗ​ത്തോടെ വലിയ നേതൃശൂന്യത ഹിസ്ബുല്ല നേരിടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചശേഷം. നസ്റുല്ലയുടെ ബന്ധുവായ ഹാഷിം സഫിയിദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തെയും ഇസ്രായേൽ കൊലപ്പെടുത്തുകയുണ്ടായി.

71കാരനും മതപണ്ഡിതനുമായ ഖാസിം ഹിസ്ബുല്ലയിലെ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്. 1980കളുടെ തുടക്കത്തിൽ ഹിസ്ബുല്ല രൂപീകരിച്ചത് മുതൽ ഇദ്ദേഹം പ്രവർത്തനരംഗത്ത് സജീവമാണ്. ശിഈ രാഷ്ട്രീയ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് വർഷങ്ങൾ നീണ്ട ചരിത്രമുണ്ട്.

2006ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം നസ്റുല്ല ഒളിവിൽ പോയ ശേഷം ഹിസ്ബുല്ലക്ക് വേണ്ടി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത് ഖാസിമാണ്. നസ്റുല്ലയുടെ മരണശേഷം മൂന്ന് തവണ ഖാസിം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇസ്രായേലിനെതിരെ പോരാടാനും വിജയിക്കാനും ഹിസ്ബുല്ല തയാറാണെന്ന് സെപ്റ്റംബർ 30ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *