നരേന്ദ്ര മോദി വന്ന് താമസിച്ച് തിരിച്ച് പോയി; 80 ലക്ഷം ബില്ല്, ആരും പണം അടച്ചില്ല; നിയമപോരാട്ടത്തിന് റാഡിസൺ ബ്ലൂ ഹോട്ടൽ

Narendra Modi came and stayed and went back; 80 lakh bill, nobody paid; Radisson Blu Hotel for legal battle

 

മൈസുരു സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടൽ നിയമ പോരാട്ടത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താമസത്തിന് ചെലവായ 80.6 ലക്ഷം രൂപ ഉടൻ നൽകണമെന്നാണ് ആവശ്യം. 2023 ഏപ്രിൽ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവി റാഡിസൺ ബ്ലൂ ഹോട്ടലിൽ ഔദ്യോഗിക സന്ദ‍ര്‍ശനത്തിൻ്റെ ഭാഗമായി താമസിച്ചത്.

പ്രൊജക്ട് ടൈഗര്‍ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. നാഷണൽ ടൈഗ‍ര്‍ കൺസര്‍വേഷൻ അതോറിറ്റി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 9 മുതൽ 11 വരെ നടന്ന പരിപാടിയുടെ മേൽനോട്ട ചുമതല സംസ്ഥാനത്തെ വനം വകുപ്പിനായിരുന്നു. മൂന്ന് കോടി രൂപ ചെലവാണ് പരിപാടിക്ക് കണക്കാക്കിയത്. ഇതി പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ പരിപാടിക്ക് 6.33 കോടി രൂപ ചെലവായി.

കേന്ദ്ര സ‍ര്‍ക്കാര്‍ നേരത്തെ പറഞ്ഞത് പോലെ മൂന്ന് കോടി രൂപ നൽകി. അവശേഷിക്കുന്ന 3.33 കോടി രൂപ നൽകിയതുമില്ല. സംസ്ഥാന-കേന്ദ്ര വനം വകുപ്പുകൾ തമ്മിൽ ഇതേ ചൊല്ലി അഭിപ്രായ ഭിന്നതയുമുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയായതിനാൽ അധിക ചെലവുണ്ടായെന്ന് കാട്ടി ഇവൻ്റെ മാനേജ്മെന്റ് കമ്പനിയാണ് 6.33 കോടി രൂപയുടെ ബില്ല് സംസ്ഥാന വനം വകുപ്പിന് നൽകിയത്.

കര്‍ണാടകത്തിലെ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസര്‍വേറ്റര്‍, നാഷണൽ ടൈഗ‍ര്‍ കൺസര്‍വേഷൻ അതോറിറ്റിക്ക് 2023 സെപ്തംബര്‍ 29 ന് അവശേഷിക്കുന്ന തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. 2024 ഫെബ്രുവരി 12 ന് അയച്ച മറുപടി കത്തിൽ പ്രധാനമന്ത്രിയുടെ താമസ ചെലവടക്കം സംസ്ഥാനം വഹിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. 2024 മാര്‍ച്ച് 22 ന് ഇപ്പോഴത്തെ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസര്‍വേറ്റര്‍ സുഭാഷ് കെ മൽഖദെ വീണ്ടും നാഷണൽ ടൈഗ‍ര്‍ കൺസര്‍വേഷൻ അതോറിറ്റിക്ക് കത്തയച്ചു. ഇതിൽ റാഡിസൺ ബ്ലൂ ഹോട്ടലിലെ പ്രധാനമന്ത്രിയുടെ താമസത്തിന് ചെലവായ 80.6 ലക്ഷം രൂപ അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ഒന്നും വന്നില്ല.

2024 മെയ് 21 ന് സംസ്ഥാന വനം വകുപ്പ് ഡപ്യൂട്ടി കൺസര്‍വേറ്റര്‍ ബസവരാജുവിന് അയച്ച കത്തിൽ 12 മാസം കഴിഞ്ഞിട്ടും ബില്ല് ഇതുവരെ അടച്ചില്ലെന്ന കാര്യം ഓര്‍മ്മിപ്പിച്ചു. 18% നികുതിയായി 12.09 ലക്ഷം രൂപ കൂടി ചേര്‍ത്ത് ബിൽ തുക അടക്കാനാണ് ഹോട്ടൽ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 31 വരെ ഇതിനായി ഹോട്ടൽ സമയം നൽകിയിട്ടുണ്ട്. അല്ലെങ്കിൽ 2024 ജൂൺ ഒന്നിന് കോടതിയെ സമീപിക്കുമെന്നാണ് ഹോട്ടലിൻ്റെ മുന്നറിയിപ്പ്. പരിപാടി നടത്തിയത് കേന്ദ്രമാണെന്നും സംസ്ഥാനമല്ല പണം നൽകേണ്ടതെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വനം വകുപ്പ് ഇപ്പോഴും. അതിനാൽ ഹോട്ടൽ കോടതിയിലേക്ക് പോകുന്നെങ്കിൽ പോകട്ടെയെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *