ബിഗ് ബെറ്റുകളുടെ രാഷ്ട്രം; യു.എ.ഇയെ പുകഴ്ത്തി യു.എസ്

ബിഗ് ബെറ്റുകളുടെ രാഷ്ട്രം; യു.എ.ഇയെ പുകഴ്ത്തി യു.എസ്

ദുബൈ: പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ സന്ദര്‍ശനത്തിനിടെ യു.എ.ഇയുടെ ഭാവിയും വര്‍ത്തമാനവും എടുത്തു പറഞ്ഞ് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍. വലിയ പന്തയങ്ങള്‍ സാധ്യമാക്കുന്ന, എല്ലായ്‌പ്പോഴും ഭാവിയിലേക്കു നോക്കുന്ന രാഷ്ട്രം എന്നാണ് ബൈഡന്‍ യു.എ.ഇയെ വിശേഷിപ്പിച്ചത്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ പൊതുവായി പല സവിശേഷതകളുമുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നുUAE

നിങ്ങള്‍ എല്ലാ കാലത്തും ഒരു നല്ല സുഹൃത്തായിരുന്നു എന്നു പറഞ്ഞു തുടങ്ങിയാണ് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ ശൈഖ് മുഹമ്മദിനെ സ്വീകരിച്ചത്. പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പതിറ്റാണ്ടുകള്‍ നീണ്ട പങ്കാളിത്തം യു.എസും യു.എ.ഇയും തമ്മിലുണ്ട്. യു.എ.ഇ എല്ലായ്‌പ്പോഴും ഭാവിയിലേക്ക് നോക്കുന്ന, വലിയ പന്തയങ്ങള്‍ വയ്ക്കുന്ന, വഴികാട്ടുന്നവരുടെ രാഷ്ട്രമാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പൊതുവായ പലകാര്യങ്ങളുമുണ്ട്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലീന്‍ എനര്‍ജി, ബഹിരാകാശം, അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം എന്നിവയാണ് നമ്മുടെ സഹകരണത്തിന്റെ ആണിക്കല്ല്. – ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തില്‍ വാഷിങ്ടണ്‍ പുറത്തിറക്കിയ പ്രസ്താവന തുടരുന്നത് ഇങ്ങനെയാണ്.

പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് ഇതിന് അടിവരയിടുന്നു. ഭാവിയിലേക്കുള്ള നിക്ഷേപം എന്ന നിലയിലാണ് പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറയുന്നു. സാങ്കേതികവിദ്യ, എ.ഐ വിഷയങ്ങളാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകളെന്നും ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി.

സുപ്രധാന പ്രതിരോധ പങ്കാളി എന്ന് യു.എസ് യു.എ.ഇയെ വിശേഷിപ്പിച്ചതും സന്ദര്‍ശനത്തിനിടെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കൊപ്പം സംയുക്ത സൈനികാഭ്യാസത്തിന്റെ സാധ്യതകള്‍ ആരായുന്നു എന്നാണ് യു.എസ് വ്യക്തമാക്കിയത്. വിവിധ മേഖലകളിലെ പൊതുസഹകരണത്തിനായി 2022ല്‍ രൂപവത്കരിച്ച ഐ2യു2 ഗ്രൂപ്പിലെ അംഗങ്ങളാണ് ഇന്ത്യയും യു.എസും യു.എ.ഇയും. ആഗോള വ്യാപാരം ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയും ചര്‍ച്ചയില്‍ വിഷയമായി.

Leave a Reply

Your email address will not be published. Required fields are marked *