നീറ്റ് പരീക്ഷ 195 മിനിറ്റ്; വിദ്യാർത്ഥികൾക്ക് ആശ്വാസമായി പരീക്ഷ സമയം നീട്ടി എൻടിഎ

NEET Result Published; 17 people including Malayalees got first rank

ന്യൂഡൽഹി: നീറ്റ് പരീക്ഷ സമയം നീട്ടി എൻടിഎ. ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സമയമാണ് നീട്ടിയത്. 15 മിനിറ്റാണ് അധികമായി അനുവദിച്ചിരിക്കുന്നത്. 195 മിനിറ്റാണ് പരീക്ഷയുടെ ആകെ സമയം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5:15നാണ് അവസാനിക്കുക. മുമ്പ് 180 മിനിറ്റായിരുന്നു പരീക്ഷയുടെ ദൈർഘ്യം.

റഫ് വർക്കുകൾക്കായി ബുക്ക്ലെറ്റിൽ കൂടുതൽ സ്പേസ് അനുവദിക്കുമെന്നും എൻടിഎ അറിയിച്ചു. രണ്ട് പേജാണ് അധികമായി അനുവദിക്കുക. രണ്ട് പേജുകൾ ബുക്ക്ലൈറ്റിന്റെ പിന്നിലും രണ്ടെണ്ണം മാർഗനിർദേശങ്ങൾ അടങ്ങിയ പേജിന് അരികിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇത് കണക്കുകൾ കൂട്ടാനും ഡയഗ്രം വരച്ച് നോക്കാനും വിദ്യാർത്ഥികൾക്ക് സഹായകമാകും. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപേപ്പറുകളിലും പുതിയ മാറ്റമുണ്ടാകും. നേരത്തെ ബുക്ക്ലെറ്റിന്റെ അവസാനത്തിലാണ് റഫ് പേജുകൾ ഉണ്ടായിരുന്നത്.

മത്സരാർത്ഥികളുടെ സൗകര്യം മാനിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നതെന്നും വിദ്യാർത്ഥികൾ നിർദേശങ്ങൾ കൃത്യമായി വായിക്കുകയും പാലിക്കുകയും ചെയ്യണമെന്നും എൻടിഎ പറഞ്ഞു.

മെയ് രണ്ടിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെയാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. വിവാദങ്ങളെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. മെയ് 12നാണ് പരീക്ഷ റദ്ദാക്കിയത്.

നിലവിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ 13 പേരാണ് അറസ്റ്റിലായത്. സിബിഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *