​​ദുരന്തഭൂമിയായി നേപ്പാൾ; ഭൂചലനത്തിൽ 95 മരണം

Nepal

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഇന്നു പുലർച്ചെയുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 95 ആയി ഉയർ‌ന്നു. പരിക്കേറ്റവരുടെ എണ്ണം 130ലധികമായി. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.Nepal

ഇന്ത്യൻ സമയം പുലർച്ചെ 6.35നായിരുന്നു ആദ്യത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തത്. നേപ്പാളിലെ ലൊബോച്ചെയിൽനിന്ന് 93 കി.മീറ്റർ അകലെ ടിബറ്റൻ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ(യുഎസ്ജിഎസ്) അറിയിച്ചു. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിനടുത്തുള്ള ലൊബൂച്ചെയിലും ഭൂചലനത്തിന്റെ ആഘാതമുണ്ടായി. സംഭവത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങൾ തകർന്നുവീഴുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആദ്യത്തെ ഭൂചലനത്തിനുശേഷം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. രാവിലെയോടെ റിക്ടർ സ്‌കെയിലിൽ 4.7ഉം 4.9ഉം തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായി. അതിർത്തിയോട് ചേർന്ന ഷിസാങ്ങിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഭൂചലനത്തിൻ്റെ പ്രകമ്പനം ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഏഴ് മലയോര ജില്ലകളിൽ അനുഭവപ്പെട്ടതായി രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നോ അതിൽ കൂടുതലോ തീവ്രതയുള്ള 29 ഭൂചലനങ്ങൾ ഷിഗാറ്റ്സെ നഗരത്തിന്റെ 200 കിലോമീറ്ററിനുള്ളിൽ അനുഭവപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. എട്ട് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സ്ഥലമാണ് ഷി​ഗാറ്റ്സെ.

Leave a Reply

Your email address will not be published. Required fields are marked *