നിപ; മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി; കണ്ടയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

nipa Mask made mandatory in Malappuram; More restrictions on containment zones

 

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗത്തിനെതിരെ ജാഗ്രതയില്‍ മലപ്പുറം. മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *