‘താമര പിടിക്കുന്ന നിതീഷ് കുമാർ’; ബിഹാറിൽ ജെ.ഡി.യുവിന് സംഭവിക്കുന്നതെന്ത്?
ന്യൂഡൽഹി: മെയ് 12ന് പട്‌നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയിലെ ഒരു ദൃശ്യം വലിയ ചർച്ചയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ കട്ടൗട്ട് പിടിച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തിന്റെ പിന്നിലായി നിൽക്കുന്ന ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി (യു) തലവനുമായ നിതീഷ് കുമാറിന്റെ ദൃശ്യങ്ങളാണ് ചർച്ചയായത്. ഇൻഡ്യാ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായിപ്പോലും പരിഗണിക്കപ്പെട്ടിരുന്ന നിതീഷ് എൻ.ഡി.എയിൽ ഒതുക്കപ്പെട്ടുവെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.JDU
രണ്ട് പതിറ്റാണ്ടോളം മുന്നണികൾ മാറി മാറി ബിഹാർ ഭരിച്ച നിതീഷ് കുമാറിന് എന്തുകൊണ്ടാണ് ഇങ്ങനെ ബി.ജെ.പിയുടെ നിഴലിൽ നിൽക്കേണ്ടിവരുന്നത്? നിതീഷ് കുമാറിന്റെ ജനപിന്തുണക്ക് സംസ്ഥാനത്ത് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജെ.ഡി (യു) അതിവേഗം ബിഹാർ രാഷ്ട്രീയത്തിൽ അപ്രസക്തമായി മാറുന്നുവെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ‘സ്‌ക്രോൾ’ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. തൊഴിലില്ലായ്മ അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ബിഹാറിൽ യുവജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. പാർട്ടിക്ക് ശക്തരായ രണ്ടാംനിര നേതാക്കളില്ലാത്തതും അടിക്കടി മുന്നണി മാറുന്ന നിതീഷിന്റെ വിശ്വാസ്യത പൂർണായി തകർന്നതും പുതുതലമുറ വോട്ടർമാർക്കിടയിൽ അദ്ദേഹത്തെ അപ്രിയനാക്കുന്നു.
തോഴിലില്ലായ്മയാണ് ബിഹാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തങ്ങളുടെ മക്കളെല്ലാം ജോലി തേടി അയൽസംസ്ഥാനങ്ങളിലേക്ക് പോവേണ്ട അവസ്ഥയാണെന്ന് പറയുന്നു കർഷകനായ രാജ്കുമാർ മണ്ഡൽ. 20 വർഷമായി നിതീഷ് അധികാരത്തിലിരിക്കുന്നു. യുവാക്കൾക്ക് ജോലി കൊടുക്കുന്ന ഒരു വലിയ ഫാക്ടറി പോലും സ്ഥാപിക്കാൻ അദ്ദേഹത്തിനായിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്നു രാജ്കുമാർ. നിതീഷിന്റെ മണ്ഡലമായ കല്യാൺ ബിഗയിൽ സർക്കാർ ആശുപത്രിയും ഹയർ സെക്കൻഡറി സ്‌കൂളുമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായതിനാൽ തങ്ങൾക്ക് ചില ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടെങ്കിലും 2025ന് ശേഷം നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയാൽ കല്യാൺ ബിഗയെ ഒരാളും തിരിഞ്ഞുനോക്കില്ലെന്നും രാജ്കുമാർ പറയുന്നു.
16 സീറ്റുകളിലാണ് ബിഹാറിൽ ഇത്തവണ നിതീഷ് കുമാറിന്റെ പാർട്ടി മത്സരിക്കുന്നത്. ബി.ജെ.പി 17 സീറ്റുകളിൽ മത്സരിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച പല സീറ്റുകളിലും ഇത്തവണ ജെ.ഡി (യു) പരാജയപ്പെടും. ബി.ജെ.പി കൂടുതൽ സീറ്റ് നേടുമെന്നും അടുത്ത തവണ ബി.ജെ.പി് നിതീഷിനെ ഒഴിവാക്കി ഒറ്റക്ക് മത്സരിക്കുമെന്നും നിരീക്ഷിക്കുന്നു നളന്ദ സ്വദേശിയായ ഹരീന്ദർ സിങ്.
എന്നാൽ നിതീഷിനെ പൂർണമായി അവഗണിച്ച് ബി.ജെ.പിക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് പട്‌നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡയറക്ടർ എ.എൻ സിൻഹ പറയുന്നത്. ചെറിയ സമുദായമായ കുർമികൾക്കിടയിലെ സ്വാധീനം കൊണ്ട് നിതീഷിന് വലിയ നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മഹാദലിതുകൾക്കിടയിലും വളരെ പിന്നാക്കമായ സമുദായങ്ങൾക്കിടയിലും സ്വാധീനമുണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത് പൂർണമായി അവഗണിച്ച് ബി.ജെ.പിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സിൻഹ പറഞ്ഞു.
പക്ഷേ നിതീഷിന്റെ ജനപ്രീതി കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 115 സീറ്റിൽ മത്സരിച്ച ജെ.ഡി (യു)വിന് 43 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ആർ.ജെ.ഡിയുടെയും ബി.ജെ.പിയുടെയും താഴെ മൂന്നാമതായിരുന്നു ജെ.ഡി (യു)വിന്റെ സ്ഥാനം. മഹാ ദലിതുകൾ അടക്കം നിതീഷിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആർ.ജെ.ഡി അനുകൂലികളായി മാറിയിട്ടുണ്ടെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന് വ്യക്തമാവുന്നത്.
പിൻഗാമികളില്ല എന്നതാണ് ജെ.ഡി. (യു)വിനെ അപ്രസക്തമാക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം. തേജസ്വി യാദവ് (ആർ.ജെ.ഡി), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), സംറത് ചൗധരി (ബി.ജെ.പി) തുടങ്ങിയ യുവനേതാക്കൾ വിവിധ പാർട്ടികളെ നയിക്കുമ്പോൾ ചൂണ്ടിക്കാണിക്കാൻ ജെ.ഡി (യു)വിന് ഒരു യുവമുഖമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിനെ വീഴ്ത്താൻ ചിരാഗ് പാസ്വാനെ ഇറക്കി ബി.ജെ.പി ചില നീക്കങ്ങൾ നടത്തിയിരുന്നു. ജെ.ഡി (യു) മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം എൽ.ജെ.പി സ്ഥാനാർഥികളെ നിർത്തിയതിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപണമുയർന്നിരുന്നു. ചിരാഗിനെ ചേർത്തുനിർത്തി നിതീഷിനെ ഒതുക്കാനുള്ള നീക്കം ബി.ജെ.പി ഇനിയും നടത്തുമെന്നാണ് ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.