ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പറഞ്ഞിട്ടില്ല, കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു; ദ ഹിന്ദുവിന് കത്തയച്ച് മഖ്യമന്ത്രിയുടെ ഓഫീസ്

No area was mentioned, things were misreported; The Chief Minister's office wrote to The Hindu

 

ദ ഹിന്ദു പത്രത്തിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തെറ്റായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ചാണ് ദ ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചത്. മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന വാക്കുകളും ഉപയോഗിച്ചില്ലെന്നും കത്തിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെ നിലപാട് അല്ല പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. പത്രവാർത്ത അനാവശ്യ വിവാദവും, തെറ്റായതുമായ വ്യാഖ്യാനത്തിനു കാരണമായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു പത്രത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്. ഹിന്ദു പത്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പരാമർശം നടത്തിയെന്ന ഹിന്ദു വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടികളും മറ്റുള്ള സംഘടനകളും രം​ഗത്തുവന്നിരുന്നു. വി‌ഷയത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷമുൾപ്പെടെയുള്ളവർ രം​ഗത്തുവന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.

മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന രീതിയിലായിരുന്നു ദ ഹിന്ദു വാർത്ത നൽകിയത്. ഇതാണ് വിവാദമായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വർണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്തു.

മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്‍ലിം വിരുദ്ധ പ്രചരണം വരുന്നതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *