ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി

Jagdeep Dhankar

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് തള്ളി. ഉപരാഷ്ട്രപതി പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുന്നുവെന്നും ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.

ഉപരാഷ്ട്രപതിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്ര മോഡിയാണ് ഹരിവംശ് നാരായണ്‍ സിങ്ങിന്റെ ഉത്തരവ് അവതരിപ്പിച്ചത്.

ജഗ്ദീപ് ധന്‍കറിൽ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് 60 പ്രതിപക്ഷ അംഗങ്ങളായിരുന്നു അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്. ഡിസംബർ 10ന് ആയിരുന്നു സംഭവം.

ഇംപീച്ച്മെന്റ് നോട്ടീസിന് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും വ്യക്തിപരമായി തോജോവധം ചെയ്യുകയാണ് ലക്ഷ്യമെന്നും ഹരിവംശ് നാരായണ്‍ സിങ്ങിന്റെ ഉത്തരവില്‍ പറയുന്നു. ഉപരാഷ്ട്രപതിയെന്ന ഭരണഘടനാ പദവിയെ ബോധപൂര്‍വം നിസ്സാരവൽക്കരിക്കുകയാണ് നോട്ടീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പാർലമെന്‍റിന് മുന്നിൽ നടന്ന സംഘർഷത്തിൽ കോൺഗ്രസ് സ്പീക്കർക്ക് പരാതിനൽകി. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പൊലീസിലും പരാതി നൽകി. പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *